ജിദ്ദ:ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിംഗിന് വിരലടയാളം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്ക പരിഹരിക്കുന്നതിനും അപേക്ഷകരുടെ പ്രതിസന്ധി തീർക്കാനും നാളെ(വെള്ളി) ഇന്ത്യയിലെ സൗദി എംബസിയുടെ ഇടപെടൽ ഉണ്ടായേക്കും. വിസ് സ്റ്റാമ്പ് ചെയ്യുന്നതിന് വിരലടയാളം നിർബന്ധമാക്കിയുള്ള വി.എഫ്.എസ് നിർദ്ദേശം പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ പരാതിയുമായി കോൺസുലേറ്റിനെയും എംബസിയെയും സമീപിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ ചർച്ച നടത്താമെന്ന് അധികൃതർ അറിയിച്ചത്. ദിവസവും നൂറുകണക്കിന് വിസ അപേക്ഷകരുള്ള സൗദിയിലേക്ക് ഏർപ്പെടുത്തുന്ന പുതിയ നിബന്ധന ഏറെ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇത്രയും അപേക്ഷ കൈകാര്യം ചെയ്യാനുള്ള സൗകര്യമോ വിഭവശേഷിയോ നിലവിൽ വി.എഫ്.എസിനില്ല. ഇന്ത്യയിൽ തന്നെ ആകെ ഒൻപത് ഓഫീസാണ് വി.എഫ്.എസിനുള്ളത്. കൊച്ചിയിലാണ് കേരളത്തിലെ ഓഫീസ് പ്രവർത്തിക്കുന്നത്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള അപേക്ഷകർ ഇവിടെ എത്തി അപേക്ഷ നേരിട്ട് നൽകേണ്ടി വരും എന്നത് ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധി വളരെ വലുതാകും.
മെയ് 11 മുതൽ സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് അപേക്ഷകൻ നേരിട്ട് വി.എഫ്.എസ്(വിസ ഫെസിലിറ്റേഷൻ സർവീസ്) തഹ്ഷീൽ ഓഫീസുകളിൽ നേരിട്ട് എത്തണമെന്നാണ് പുതിയ നിർദ്ദേശം. റസിഡന്റ് വിസ, ഫാമിലി വിസിറ്റ് വിസ, കുട്ടികളുടെ വിസ ചേർക്കൽ നടപടിക്രമങ്ങൾക്കായി അപേക്ഷകൻ വി.എഫ്.എസ് ഓഫീസുകളിൽ നേരിട്ട് എത്തണമെന്നാണ് നിർദ്ദേശം. നിലവിൽ സൗദിയിലേക്കുള്ള സന്ദർശക വിസ വി.എഫ്.എസ് വഴിയാണ് സ്വീകരിക്കുന്നത്. ഇതിന് അപേക്ഷകൻ നേരിട്ട് പോകേണ്ട കാര്യമില്ല. ട്രാവൽസുകൾ വഴി അപ്പോയിൻമെന്റ് എടുത്താണ് അപേക്ഷ നൽകുന്നത്. എന്നാൽ ഇന്നലെ മുതൽ ഈ സംവിധാനവും നിർത്തലാക്കി. അപേക്ഷകൻ വി.എഫ്.എസ് ഓഫീസുകളിൽ നേരിട്ട് എത്തി വിരലടയാളം നൽകി വേണം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ഇതോടെ വിസ സ്റ്റാംമ്പിംഗ് ഏറെ പ്രതിസന്ധിയുണ്ടാക്കും. ട്രാവൽസുകൾ വഴി മുംബൈയിലെ സൗദി കോൺസുലേറ്റിലും ന്യൂദൽഹിയിലെ ഇന്ത്യൻ എംബസിയിലും വിസ സ്റ്റാംമ്പിംഗിന് അപേക്ഷ നൽകി വിസ അനുവദിക്കുന്ന രീതിയായിരുന്നു ഒന്നര മാസം മുമ്പുവരെ നിലവിലുണ്ടായിരുന്നത്. ഇത് ഒഴിവാക്കി വി.എഫ്.എസ് വഴി വിസ അപേക്ഷ നൽകുന്ന രീതിയാക്കിയത് ഏതാനും ദിവസം മുമ്പാണ്. അപേക്ഷകൻ നേരിട്ട് എത്തി വിരലടയാളം നൽകണമെന്ന നിബന്ധന വി.എഫ്.എസ് വഴി വിസ അപേക്ഷ നൽകുന്നതിന്റെ ആദ്യ ഉത്തരവുകളിൽ ഇല്ലായിരുന്നു. ഏറ്റവും പുതിയ നിബന്ധന അനുസരിച്ചാണ് ഓരോ അപേക്ഷകനും നേരിട്ടെത്തി വിരലടയാളം നൽകണമെന്ന നിർദ്ദേശം കൂടി വി.എഫ്.എസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
കേരളത്തിൽ ഒന്ന് അടക്കം ഇന്ത്യയിൽ വി.എഫ്.എസിന് ആകെയുള്ളത് ഒൻപത് ഓഫീസുകളാണ്. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് വി.എഫ്.എസിന് ഓഫീസുള്ളത്. ഇവിടെ മുൻകൂട്ടി അപ്പോയിൻമെന്റ് വാങ്ങി വേണം അപേക്ഷ നൽകാൻ എത്തേണ്ടത്. കാസർക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള അപേക്ഷകർ കൊച്ചിയിൽ നേരിട്ട് എത്തി വേണം അപേക്ഷ നൽകേണ്ടത് എന്നത് ഉണ്ടാക്കുന്ന പ്രയാസം ചെറുതാകില്ല. സൗദിക്ക് പുറമെ മറ്റു രാജ്യങ്ങളുടെ വിസ അപേക്ഷകളും കൈകാര്യം ചെയ്യുന്നത് വി.എഫ്.എസ് തന്നെയാണ്. നിലവിൽ ഏറ്റവും കുറവ് വിസ അപേക്ഷകരുള്ള ചൈനയിലേക്ക് പോലും ആഴ്ചകൾ കഴിഞ്ഞാണ് അപേക്ഷകർക്ക് അപ്പോയിൻമെന്റ് ലഭിക്കുന്നത്. നൂറുകണക്കിന് വിസ അപേക്ഷകരുള്ള സൗദിയിലേക്ക് കൂടി കൂടുതൽ നിബന്ധനകളോടെ വി.എഫ്.എസ് വഴി വിസ സ്റ്റാമ്പിംഗ് സംവിധാനം വരുന്നത് വൻ പ്രതിസന്ധിയാകും സൃഷ്ടിക്കുക. അതേസമയം, വിരലടയാളം വേണമെന്ന നിബന്ധന വി.എഫ്.എസ് ആണ് നൽകിയത്. കോൺസുലേറ്റോ എംബസിയോ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല.
പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചില കേന്ദ്രങ്ങൾ ഇന്ത്യയിലെ സൗദി എംബസിക്കും കോൺസുലേറ്റിനും പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഇന്ന് ചർച്ച നടത്താമെന്ന് എംബസി അധികൃതർ ഉറപ്പു നൽകിയതായാണ് സൂചന.