മുംബൈ: സഊദിയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ വിരലടയാളം നിർബന്ധമാക്കി. സഊദി ഫാമിലി സന്ദർശക വിസ ഉൾപ്പെടെയുള്ള മുഴുവൻ വിസകൾക്കും ഇത് ബാധകമാണ്. ഇതോടെ, സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ ഇനി ഓരോരുത്തരും നേരിട്ട് ഓഫീസുകളിൽ നേരിട്ട് പോകേണ്ടി വരും.
ഇനി മുതൽ വിസിറ്റ് വിസ, റെസിഡന്റ് വിസ എന്നിവയിൽ സഊദിയിൽ പോകാൻ ഉദ്ദേശിക്കുന്നവർ ഇന്ത്യയിലെ ഏതെങ്കിലും വി എഫ് എസ് തഅഷീർ കേന്ദ്രങ്ങളിൽ നേരിട്ട് പോയി വിരലടയാളം നൽകൽ നിർബന്ധമാകുമെന്ന് പുതിയ നിർദ്ദേശം വന്നതായി ട്രാവൽസ് ഏജൻസികൾ അറിയിച്ചു.
ഇതോടെ, സഊദിയിലേക്കുള്ള വിസകൾ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ കടമ്പകൾ വർധിച്ചു. ഇനി ഫിംഗർ കൂടി നിർബന്ധം ആയതോടെ മലയാളികൾ ക്ക് ഏറെ ബുദ്ധിമുട്ട് ആകും. നിലവിൽ കൊച്ചിയിൽ മാത്രമാണ് സഊദി വിസ സ്റ്റാമ്പിങ് പൂർത്തീകരിക്കാൻ കേന്ദ്രം ഉള്ളത്. ഇതോടെ, ഇനി മുതൽ ഒരു വ്യക്തിക്ക് സഊദിയിലേക്ക് പുതിയ വിസിറ്റ് വിസയിലോ റെസിഡന്റ് വിസയിലോ പോകണമെങ്കിൽ ആദ്യം വി എഫ് എസ് ഓഫീസിൽ പോയി ഫിംഗർ നൽകണം. ഇതിനായി തഅഷീറിന്റെ അപോയിന്റ്മെന്റ് എടുത്ത് നേരിട്ട് അവരുടെ ഓഫീസിൽ ചെല്ലൽ നിർബന്ധമാകും.
കേരളത്തിൽ നിലവിൽ കൊച്ചിയിൽ മാത്രമാണ് വി എഫ് എസ് ത അഷീർ കേന്ദ്രം ഉള്ളത് എന്നതിനാൽ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് പുതിയ നിബന്ധന വലിയ ആഘാതമാകും. എജന്റുമാർക്ക് നേരിട്ട് പാസ്പോർട്ടുകൾ സമർപ്പിക്കാൻ അനുമതി ഇല്ലാത്തതിനാൽ നിലവിൽ ഗ്ലോബൽ വി എഫ് എസിനു കീഴിലുള്ള തഅഷീർ കമ്പനിയാണ് വിസിറ്റ്, റെസിഡന്റ് വിസകൾ സ്റ്റാമ്പ് ചെയ്യാനുള്ള പാസ്പോർട്ടുകൾ ഇന്ത്യയിലെ സഊദി നയതന്ത്ര കാര്യാലയങ്ങളിൽ സമർപ്പിക്കുന്നത്. അടുത്തിടെയാണ് വി എഫ് എസ് വഴി സ്റ്റാമ്പിങ് സംവിധാനം ഏർപ്പെടുത്തിയത്.
അതേസമയം, ഇത് സംബന്ധമായ ഔദ്യോഗിക നിർദേശം ഉൾകൊള്ളുന്ന സർക്കുലർ ഡൽഹിയിലെ സഊദി എംബസിയിൽ നിന്നോ മുംബൈയിലെ സഊദി കോൺസുലേറ്റിൽ നിന്നോ ഉണ്ടായിട്ടില്ല.