ജിദ്ദ:സൗദിയിൽ പുതിയ ബജറ്റ് വിമാന കമ്പനിക്ക് ലൈസൻസ് നൽകാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നടപടികൾ ആരംഭിച്ചു. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി സർവീസുകൾ നടത്തുന്ന പുതിയ ബജറ്റ് വിമാന കമ്പനി ആരംഭിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരിൽ നിന്ന് അതോറിറ്റി ടെണ്ടറുകൾ ക്ഷണിച്ചു. വ്യോമയാന മേഖലയിൽ മത്സരക്ഷമത ഉയർത്താനും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും 2030 ഓടെ പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും സൗദിയിൽനിന്ന് നേരിട്ട് സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ലേറെയായും ഉയർത്താനും ലക്ഷ്യമിടുന്ന ദേശീയ വ്യോമയാന തന്ത്രവുമായി ഒത്തുപോകുന്ന നിലയിലാണ് പുതിയ ബജറ്റ് വിമാന കമ്പനിക്ക് ലൈസൻസ് നൽകുന്നതെന്ന് അതോറിറ്റി പറഞ്ഞു.
കിഴക്കൻ അതിർത്തിയിൽ സൗദിയിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് ദമാം വിമാനത്താവളം. ആധുനികതയും ഇസ്‌ലാമിക വാസ്തുവിദ്യയും സമന്വയിക്കുന്ന രൂപകൽപനയിലാണ് വിമാനത്താവളം നിർമിച്ചത്. എയർപോർട്ടിനു കീഴിലെ സ്ഥലങ്ങളുടെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമാണിത്. ദമാം എയർപോർട്ടിനു കീഴിലെ സ്ഥലങ്ങൾക്ക് ആകെ 776 ചതുരക്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പ്രതിവർഷം 80 ലക്ഷം യാത്രക്കാരെ സ്വീകരിക്കാൻ എയർപോർട്ടിന് ശേഷിയുണ്ടെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.
സൗദിയിൽ നിലവിൽ രണ്ടു ബജറ്റ് വിമാന കമ്പനികൾ സർവീസ് നടത്തുന്നുണ്ട്. ഫ്‌ളൈ നാസും സൗദിയക്കു കീഴിലെ ഫ്‌ളൈ അദീലുമാണ് നിലവിലുള്ള ബജറ്റ് വിമാന കമ്പനികൾ. സൗദിയക്കു പുറമെ റിയാദ് എയർ എന്ന പേരിൽ പുതിയ വിമാന കമ്പനി സ്ഥാപന ഘട്ടത്തിലാണ്. ദമാം വിമാനത്താവളം ആസ്ഥാനമായി പുതിയ വിമാന കമ്പനി സ്ഥാപിക്കുന്നത് വ്യോമയാന മേഖലയിൽ മത്സരം വർധിപ്പിക്കുമെന്ന് ട്രാവൽ ആന്റ് ടൂറിസം മേഖല നിക്ഷേപകൻ നവാഫ് അൽജാമിഅ് പറഞ്ഞു. ദമാമിൽ നിന്ന് സർവീസുള്ള ആഭ്യന്തര, വിദേശ നഗരങ്ങളുടെ എണ്ണം വർധിക്കാൻ പുതിയ വിമാന കമ്പനി സഹായിക്കുമെന്നും നവാഫ് അൽജാമിഅ് പറഞ്ഞു.
ദമാം വിമാനത്താവളം കേന്ദ്രീകരിച്ച് പുതിയ വിമാന കമ്പനി പ്രവർത്തനം ആരംഭിക്കുന്നത് നിരവധി അനുകൂല ഫലങ്ങൾ നൽകുമെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. സ്വാലിഹ് അൽഅഫാലിഖ് പറഞ്ഞു. പുതിയ വിമാന കമ്പനി സർവീസ് ആരംഭിക്കുന്നത് ടിക്കറ്റ് നിരക്കുകളിൽ വിമാന കമ്പനികൾ തമ്മിൽ മത്സരം ഉടലെടുക്കാൻ ഇടയാക്കും. നിരവധി വിമാനത്താവളങ്ങൾ കേന്ദ്രമായി പ്രവർത്തിക്കാൻ സൗദിയക്ക് സാധിക്കില്ല. റിയാദ്, ജിദ്ദ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന്റെ ഫലമായി സൗദിയ ഇപ്പോൾ തന്നെ കടുത്ത സമ്മർദമാണ് നേരിടുന്നതെന്നും ഡോ. സ്വാലിഹ് അൽഅഫാലിഖ് പറഞ്ഞു.