റിയാദ്:സൈനിക, അര്‍ധ സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സുഡാനില്‍ പൗരന്മാര്ക്ക് ആശ്വാസമായി 100 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായം നല്കാന് തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന് നിര്‍ദ്ദേശം നല്കി. സുഡാന് ജനതയുടെ ദുരിതാവസ്ഥ ലഘൂകരിക്കാന്‍ സാഹിം പ്ലാറ്റ്ഫോമിലൂടെ ജനകീയ കാമ്പയിന് ആരംഭിക്കാനും നിര്‍ദേശമുണ്ട്.
സുഡാനിലെ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാനും പ്രതിസന്ധിയുടെ തീക്ഷ്ണത കുറച്ചുകൊണ്ടുവരാനുമുള്ള രാജാവിന്റെയും കിരീടാവകാശിയുടെയും ആഗ്രഹപ്രകാരമാണ് ഈ മാനുഷിക സഹായമെന്ന് റിലീഫ് സെന്റര്‍ ജനറല്‍ സൂപര്‍വൈസറും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍റബീഅ അറിയിച്ചു.
സുഡാനില്‍ കുടിയൊഴിക്കപ്പെട്ടവര്‍ക്ക് രാജാവിന്റെ ഉത്തരവനുസരിച്ച് ദുരിതാശ്വാസവും മാനുഷിക സഹായവും നല്‍കും. ലോകമെമ്പാടുമുള്ള ദുരിതബാധിതര്‍ക്കും ദരിദ്രര്‍ക്കും ഒപ്പം നിന്ന് മാനുഷികസഹായം നല്‍കാനുള്ള ഉദാത്തമായ നിലപാടിന് രാജാവിനോടും കിരീടാവകാശിയോടും നന്ദി പറയുന്നുവെന്നു അല്‍റബീഅ പറഞ്ഞു.