ജിദ്ദ:യാത്രാ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നത് ഉറപ്പുവരുത്താന്‍ നേരത്തെ എത്തണമെന്ന് അന്താരാഷ്ട്ര യാത്രക്കാരോട് ജിദ്ദ എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു. വിമാന യാത്രയുടെ നാലു മണിക്കൂറില്‍ കുറയാത്ത, ആറു മണിക്കൂറില്‍ കവിയാത്ത സമയത്ത് എയര്‍പോര്‍ട്ടില്‍ എത്തണം. യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്തേക്കുള്ള സാധുവായ വിമാന ടിക്കറ്റും യാത്രക്ക് ആവശ്യമായ രേഖകളും യാത്രക്കാരുടെ പക്കലുണ്ടായിരിക്കണമെന്നും എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന് ആവശ്യപ്പെട്ടു. ഉംറ തീര്‍ഥാടകരുടെ മടക്കയാത്ര തുടരുന്നതിനാല്‍ ജിദ്ദ വിമാനത്താവളത്തില്‍ കടുത്ത തിരക്കാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. മുഴുവന്‍ യാത്രക്കാരുടെയും നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷന് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്.