യമൻ:കനത്ത പേമാരിയിലും പ്രളയത്തിലും രണ്ടു ദിവസത്തിനിടെ യെമനിൽ 14 പേർ മരണപ്പെടുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൻആക്കു സമീപം മനാഖ ജില്ലയിലെ ഖർനുദ്ദുഹൂർ ഗ്രാമത്തിൽ ബഹുനില വീട് തകർന്ന് സ്ത്രീ മരണപ്പെടുകയും മൂന്നു വനിതകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അൽസ്വാഫിയ ജില്ലയിൽ അൽബലീലിയിൽ വീട് തകർന്ന് ഇരുപതുകാരി മരണപ്പെടുകയും നാലു സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ശബ്വ ഗവർണറേറ്റിൽ വെള്ളക്കുഴിയിൽ വീണ് ഒരു കുടുംബത്തിലെ നാലു കുട്ടികൾ മുങ്ങിമരിച്ചു. ശബ്വയിലെ അൽസ്വഈദ് ജില്ലയിൽ അൽഖശ്അ അൽസുഫ്ല ഏരിയയിലാണ് അപകടം.
മധ്യയെമനിലെ അൽബൈദാ ഗവർണറേറ്റിൽ റദ്മാൻ ജില്ലയിൽ അസ്ല ഫാഖിഅ് എന്ന സ്ഥലത്തെ അണക്കെട്ടിൽ മൂന്നു യുവതികൾ മുങ്ങിമരിച്ചു. ബന്ധുക്കൾ മൃതദേഹങ്ങൾ പുറത്തെടുത്തു. അണക്കെട്ടിൽ ആടുകളെ കുളിപ്പിക്കുന്നതിനിടെയാണ് യുവതികൾ മുങ്ങിമരിച്ചതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. വടക്കു, കിഴക്കൻ യെമനിലെ അൽജൗഫ് ഗവർണറേറ്റിലെ ബർത് ജില്ലയിലെ അണക്കെട്ടിൽ രണ്ടു യുവതികൾ മുങ്ങിമരിച്ചു. മറ്റു രണ്ടു യുവതികളെ പ്രദേശവാസികൾ രക്ഷിച്ചു.
ഇബ്ബ് ഗവർണറേറ്റിൽ രണ്ടു വനിതകൾ മലവെള്ളപ്പാച്ചിലിൽ പെട്ട് മരണപ്പെട്ടു. ഇതേ സ്ഥലത്ത് തലേദിവസം മറ്റൊരാളും ഒഴുക്കിൽ പെട്ട് മരിച്ചിരുന്നു. ഇബ്ബ് ഗവർണറേറ്റിലെ അൽമഖാദിർ ജില്ലയിലെ അൽഅർജബ് ഗ്രാമത്തിലാണ് യുവതികൾ ഒഴുക്കിൽ പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടുകാർ നടത്തിയ തിരച്ചിലുകളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ കണ്ടെത്തി. കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഇബ്ബ് ഗവർണറേറ്റിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.