റിയാദ്:ഇന്ത്യയിലെ സൗദി എംബസിയില്‍ നിന്നും കോണ്‍സുലേറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വരെ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്ത വിസകളില്‍ യാത്ര ചെയ്യാമെന്നും വിസ പ്രിന്റ് ആവശ്യപ്പെട്ട് യാത്രക്കാരെ തിരിച്ചയക്കേണ്ടതില്ലെന്നും മുംബൈയിലെ സൗദി കോണ്‍സുലേറ്റ് എല്ലാ എയര്‍ലൈനുകള്‍ക്കും നിര്‍ദേശം നല്‍കി. എ4 വിസ പ്രിന്റ് ആവശ്യപ്പെട്ട് ഇന്നലെ മുംബൈ അടക്കം ഏതാനും എയര്‍പോര്‍ട്ടുകളില്‍ നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരെ എയര്‍ലൈനുകള്‍ മടക്കി അയച്ച സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ അറിയിപ്പ്.
ഇന്നലെ രാവിലെ റിയാദിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിസ പ്രിന്റ് ഇല്ലാത്തതിന്റെ പേരില്‍ യാത്ര ചെയ്യാന്‍ സാധിച്ചിരുന്നില്ല. സൗദി എയര്‍പോര്‍ട്ടുകളില്‍ വിസ പ്രിന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തത് സ്വീകരിക്കില്ലെന്നും പറഞ്ഞാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ ഇവരെ തിരിച്ചയച്ചത്.
മെയ് ഒന്ന് മുതല്‍ സന്ദര്‍ശക വിസയുടേതടക്കം പാസ്‌പോര്‍ട്ടുകളില്‍ സ്റ്റിക്കര്‍ പതിക്കേണ്ടതില്ലെന്നും വിസയുടെ എ4 പ്രിന്റ് എയര്‍പോര്‍ട്ടുകളില്‍ കാണിച്ചാല്‍ മതിയെന്നും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നേരത്തെ സര്‍ക്കുലര്‍ മുഖേന അറിയിച്ചിരുന്നു. ഇതാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥരില്‍ ആശയക്കുഴപ്പത്തിന് കാരണമായത്.
ഇതു വരെ പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് ചെയ്ത വിസകള്‍ എയര്‍പോര്‍ട്ടുകളില്‍ സ്വീകരിക്കുമെന്നും ഇന്ന് മുതല്‍ അപേക്ഷയില്‍ നല്‍കിയ ഇമെയിലില്‍ ക്യു ആര്‍ കോഡുള്ള എ4 വിസ പ്രിന്റ് അയച്ചുനല്‍കുമെന്നും ഇക്കാര്യം സൗദി അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പ്രവര്‍ത്തനക്ഷമമാകുന്ന കോണ്‍സുലേറ്റിന്റെ പ്രത്യേക ലിങ്കില്‍ നിന്ന് വിസ ഡൗണ്‍ലോഡ് ചെയ്യാനുമാകും.
വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവില്‍ കോണ്‍സുലേറ്റ് ഏജന്‍സികളില്‍ നിന്ന് പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നില്ല. മെയ് ഒന്ന് വരെ സ്വീകരിച്ച എല്ലാ പാസ്‌പോര്‍ട്ടുകളും സ്റ്റാമ്പിംഗ് പൂര്‍ത്തിയാക്കി എജന്‍സികള്‍ക്ക് തിരിച്ചു നല്‍കിയിട്ടുണ്ട്. ഇങ്ങനെ കഴിഞ്ഞ ദിവസം വരെ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിച്ചവര്‍ക്കെല്ലാം പ്രിന്റ് ഇല്ലാതെ തന്നെ യാത്ര ചെയ്യാമെന്നാണ് കോണ്‍സുലേറ്റ് അറിയിച്ചിരിക്കുന്നത്.
ഇന്ത്യ, യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തൊഴില്‍, സന്ദര്‍ശന, താമസ വിസകളാണ് ഇപ്രകാരം മെയ് ഒന്നു മുതല്‍ എ4 പ്രിന്റിലേക്ക് മാറിയത്. പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റിക്കര്‍ പതിക്കുന്നത് പൂര്‍ണമായും നിര്‍ത്തലാക്കി. അതേസമയം ഈ രാജ്യങ്ങളില്‍ ബംഗ്ലാദേശിലെ സൗദി കോണ്‍സുലേറ്റ് ആണ് ഇത് സംബന്ധിച്ച നടപടികളെല്ലാം ആദ്യം പൂര്‍ത്തീകരിച്ചത്. വിസ സ്റ്റിക്കറിന് പകരം ഇ വിസയിലേക്ക് പൂര്‍ണമായും മാറിയതായി ബംഗ്ലാദേശിലെ സൗദി അംബാസഡര്‍ ഈസ യുസുഫ് ഈസ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക ചെലവും സമയവും കുറക്കുന്നതോടൊപ്പം വിസ പെട്ടെന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനമാണിത്. അറബിയിലും ഇംഗ്ലീഷിലുമുള്ള ഇ- വിസയുപയോഗിച്ചാണ് ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ ഇപ്പോള്‍ സൗദി അറേബ്യയിലെത്തുന്നത്. ഹജ്ജിനും ഉംറക്കും ഇപ്പോള്‍ ഇ-വിസ സംവിധാനമാണ് ഉപയോഗിച്ചുവരുന്നത്.