ഒമാൻ: ഒമാനിലെ സാധാരണ ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള അബർ ടാക്സി മൊബൈൽ ആപ് ജൂൺ 1 മുതൽ നടപ്പിലാക്കുമെന്ന് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. സ്ട്രീറ്റ് ടാക്സികളിൽ മാത്രമേ ആബർ ഡിജിറ്റൽ മീറ്റർ ഉപയോഗിക്കൂ. ഒ ടാക്സി, ഉബർ, മുവാസലാത്ത് ടാക്സി, എയർപോർട്ട് ടാക്സി തുടങ്ങിയ ടാക്സി കമ്പനികൾക്ക് ആപ് ബാധകമായിരിക്കില്ല.
ഗതാഗതനിരക്ക് നിർണയിക്കുന്നത് സംബന്ധിച്ച് 2018 ഡിസംബർ 26ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആണ് ടാക്സികളിൽ നിരക്കുകൾ കാണിക്കാനുള്ള അബർ ടാക്സി മൊബൈൽ ആപ് സ്ഥാപിക്കുന്നത്. ടാക്സികളുടെ പ്രവർത്തനം നിയന്ത്രിക്കാനാണ് മന്ത്രാലയം ഇതിലൂടെ ഉദേശിക്കുന്നത്.
മീറ്റർ ടാക്സികൾ എന്ന ആശയം ഒരുപാട് നാളായി ഒമാനിൽ നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഗതാഗത അണ്ടർ സെക്രട്ടറി ഖാമിസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഷമാഖിയാണ് അടുത്തമാസം നടപ്പിലാക്കുമെന്ന കാര്യം പ്രഖ്യാപിച്ചത്. യാത്ര തുടങ്ങുമ്പോൾ തന്നെ മീറ്റർ ഇടണം. അല്ലെങ്കിൽ യാത്രക്കാരന് യാത്ര സൗജന്യമായിരിക്കും. ഒന്നിലധികം യാത്രക്കാർ ഉണ്ടെങ്കിൽ തുക തുല്യമായി വിഭജിക്കും.
രാജ്യത്തെ എല്ലാ ഓറഞ്ച്, വൈറ്റ് സ്ട്രീറ്റ് ടാക്‌സികളും പുതുതായി പുറത്തിറക്കിയ അബർ ടാക്സി മീറ്റർ മൊബൈൽ ആപ് ഉപയോഗിച്ച് പ്രവർത്തിക്കുണമെന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വരുകയാണെന്ന് ഗതാഗത അണ്ടർ സെക്രട്ടറി ഖാമിസ് ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഷമാഖി പറഞ്ഞു.
ഓരാ കിലോമീറ്ററിനും 130 ബൈസ
മിനിമം ചാർജ് 300 ബൈസ
സൗജന്യമായി അഞ്ച് മിനിറ്റ് കാത്തിരിപ്പ്
പിന്നീട് ഓരോ മിനിറ്റിനും 50 ബൈസ