ജിദ്ദ:സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ഇക്കഴിഞ്ഞ മാർച്ചിൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത് 959 കോടി റിയാൽ (260 കോടി ഡോളർ). 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ വിദേശികൾ അയച്ച പണം 34.7 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികൾ 1,469 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് 510 കോടി റിയാൽ കുറവാണ് ഇക്കഴിഞ്ഞ മാർച്ചിൽ വിദേശികൾ അയച്ചത്. 45 മാസത്തിനിടെ ഏറ്റവും കുറഞ്ഞ വിദേശികളുടെ റെമിറ്റൻസ് ആണ് മാർച്ചിലെത്. 2019 ജൂണിൽ വിദേശികൾ 870 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. ഇതിനു ശേഷം വിദേശികൾ അയച്ച പണം ഏറ്റവും കുറഞ്ഞത് മാർച്ചിലാണ്.
ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ വിദേശികൾ അയച്ച പണം 1.8 ശതമാനം തോതിൽ കുറഞ്ഞു. ഫെബ്രുവരിയിൽ വിദേശികൾ 976 കോടി റിയാൽ അയച്ചിരുന്നു. 2019 നു ശേഷം ആദ്യമായാണ് വിദേശികൾ അയക്കുന്ന പണം തുടർച്ചയായി രണ്ടു മാസം ആയിരം കോടി റിയാലിൽ കുറവാകുന്നത്.
ഈ വർഷം ആദ്യത്തെ മൂന്നു മാസത്തിനിടെ വിദേശികൾ 2,987 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ വിദേശികൾ അയച്ച പണം 22.2 ശതമാനം തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദേശികൾ 3,840 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ വിദേശികൾ അയച്ച പണത്തിൽ 853 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം വിദേശികൾ 14,320 കോടി റിയാൽ (3,819 കോടി ഡോളർ) നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. 2021 ൽ ഇത് 15,390 കോടി റിയാൽ (4,100 കോടി ഡോളർ) ആയിരുന്നു. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് 6.9 ശതമാനം തോതിൽ കുറഞ്ഞു.
മാർച്ചിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ച പണം 524 കോടി റിയാലായി കുറഞ്ഞു. 2022 മാർച്ചിൽ ഇത് 662 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ സ്വദേശികൾ അയച്ച പണത്തിൽ 138 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. സൗദി പൗരന്മാരുടെ റെമിറ്റൻസിൽ 20.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
എന്നാൽ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ സൗദികൾ അയച്ച പണം 17 ശതമാനം തോതിൽ വർധിച്ചു. ഫെബ്രുവരിയിൽ സ്വദേശികൾ 447 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. ഈ വർഷം ആദ്യ പാദത്തിൽ സൗദികൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് 1,495 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ ഇത് 1,830 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ സൗദി പൗരന്മാർ അയച്ച പണത്തിൽ 18.2 ശതമാനം കുറവ് രേഖപ്പെടുത്തി.