ജിദ്ദ:കൊലക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട സൗദി യുവാവ് വിസാം അഹ്മദിന്റെ ജീവൻ ആരാച്ചാരുടെ വാൾമുനയിൽ നിന്ന് രക്ഷിക്കാൻ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ 20 ലക്ഷം റിയാൽ സംഭാവന നൽകി. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് യുവാവിന്റെ ദിയാധനത്തിൽ ശേഷിച്ച 20 ലക്ഷം റിയാൽ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ നൽകിയത്. ഇതോടെ വിസാം അഹ്മദിന് ജീവൻ തിരികെ ലഭിച്ചു.
സംഘർഷത്തിനിടെ മറ്റൊരു യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായ വിസാം അഹ്മദിന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ യുവാവ് അഞ്ചു വർഷമായി ജയിലിലാണ്. വിസാം അഹ്മദിന്റെ പിതാവും സഹോദരനും നേരത്തെ കാറിടിച്ച് മരിച്ചിരുന്നു. പൗരപ്രമുഖർ നടത്തിയ മധ്യസ്ഥശ്രമങ്ങളെ തുടർന്ന് 50 ലക്ഷം റിയാൽ ദിയാധനം നൽകണമെന്ന ഉപാധിയോടെ യുവാവിന് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം സന്നദ്ധരായി.
തുടർന്ന് യുവാവിന്റെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ധനസമാഹരണത്തിലൂടെ 30 ലക്ഷത്തോളം റിയാൽ ലഭിച്ചു. ദിയാധനം കൈമാറാൻ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അനുവദിച്ച സമയം അവസാനിക്കുകയും പണം കൈമാറാത്തതിനാൽ യുവാവിന് വധശിക്ഷ നടപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ നിയമാനുസൃത നടപടികൾ ആരംഭിക്കുകയും ചെയ്തതോടെയാണ് യുവാവിന്റെ മാതാവിന്റെ അപേക്ഷ ശ്രദ്ധയിൽ പെട്ട് അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ ദിയാധനത്തിൽ ശേഷിച്ച 20 ലക്ഷം റിയാൽ കൈമാറിയത്.