റിയാദ്:രാജ്യത്തിന്റെ ഭാവിയെ മികച്ചതാക്കി മാറ്റാനുള്ള ഭാരിച്ച ദൗത്യം സ്വയം ഏറ്റെടുത്ത കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ആസൂത്രണത്തിന്റെ ഫലമായ, സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം പരിവര്‍ത്തന പാതയില്‍ രാജ്യം ഏഴു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2016 ഏപ്രില്‍ 25 ന് ആണ് രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയ വിഷന്‍ 2030 പദ്ധതി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചത്. സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ദേശീയ പരിവര്‍ത്തന പ്രയാണത്തിനാണ് വിഷന്‍ 2030 പദ്ധതി പ്രഖ്യാപനത്തോടെ തുടക്കമായത്.
വനിതാ ശാക്തീകരണ മേഖലയില്‍ അസൂയാവഹമായ നേട്ടമാണ് സൗദി അറേബ്യ കൈവരിച്ചത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങള്‍ വനിതാ ശാക്തീകരണ മേഖലയില്‍ ശരാശരി 30 വര്‍ഷം കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ വെറും ഏഴു വര്‍ഷം കൊണ്ട് സൗദി അറേബ്യ നേടി എന്നത് വിഷന്‍ 2030 പദ്ധതി സൗദിയില്‍ സാമൂഹിക മേഖലയില്‍ വരുത്തിയ പരിവര്‍ത്തനത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു.
ലോക ബാങ്കിന്റെ വനിതാ, ബിസിനസ്, നിയമ സൂചികയില്‍ ഏഴു വര്‍ഷത്തിനിടെ സൗദി അറേബ്യ 151 ശതമാനം ഉയര്‍ന്നു. വനിതാ ശാക്തീകരണ സൂചികയില്‍ 80 പോയിന്റില്‍ എത്താന്‍ സൗദി അറേബ്യ എടുത്തത് വെറും ഏഴു വര്‍ഷമാണ്. 2020 നെ അപേക്ഷിച്ച് സൂചികയില്‍ പത്തു പോയിന്റ് ഉയര്‍ന്നു. ജി-20 രാജ്യങ്ങളില്‍ പെട്ട കാനഡ എട്ടും അമേരിക്ക 11 ഉം ബ്രിട്ടന് 27 ഉം തുര്‍ക്കി 27 ഉം ഫ്രാന്‍സ് 27 ഉം ദക്ഷിണ കൊറിയ 29 ഉം ഇറ്റലി 32 ഉം ജര്‍മനി 36 ഉം ദക്ഷിണാഫ്രിക്ക 43 ഉം മെക്സിക്കോ 44 ഉം വര്‍ഷമെടുത്താണ് വനിതാ ശാക്തീകരണ സൂചികയില്‍ 80 പോയിന്റില്‍ എത്തിയത്.