ജിദ്ദ:രാജ്യത്തേക്ക് കൂടുതല്‍ വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സമുദ്ര ടൂറിസം വിസ പ്രോഗ്രാം ആരംഭിക്കാന്‍ സൗദി റെഡ്സീ അതോറിറ്റി ആലോചിക്കുന്നതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. ടൂറിസ്റ്റുകള്‍ക്കുള്ള വിസാ ഓപ്ഷനുകള്‍ മെച്ചപ്പെടുത്താനും ചെങ്കടലില്‍ തീരദേശ ടൂറിസം ശക്തിപ്പെടുത്താനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ട്രാന്‍സിറ്റ് വിസ, പേഴ്സണല്‍ വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ, ഉംറ വിസ, ചികിത്സാ വിസ, ഇഖാമ വിസ, തൊഴില്‍ വിസിറ്റ് വിസ തുടങ്ങി സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും രാജ്യത്ത് പ്രവേശിക്കാന്‍ നിരവധി ഓപ്ഷനുകള്‍ സൗദി അറേബ്യ നല്കുന്നു. 2030 ഓടെ പ്രതിവര്‍ഷം 10 കോടി വിദേശ വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
മന്ത്രിസഭാ തീരുമാന പ്രകാരം സ്ഥാപിതമായ സ്വതന്ത്ര അതോറിറ്റിയായ സൗദി റെഡ് സീ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള പങ്കാളിത്തങ്ങളിലൂടെ ചെങ്കടലില്‍ സൗദി അറേബ്യയുടെ ജലാതിര്‍ത്തിയില്‍ ടൂറിസ്റ്റ് കപ്പല്‍, ബോട്ട് സര്‍വീസുകള്‍ വ്യവസ്ഥാപിതമാക്കാനും സമുദ്ര വിനോദ പരിപാടികള്‍ ശാക്തീകരിക്കാനും ഇവയുമായി ബന്ധപ്പെട്ട സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും ലക്ഷ്യമിടുന്നു.