ജിദ്ദ:സൈനിക വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്ന സുഡാനിൽ നിന്ന് തങ്ങളുടെ പൗരന്മാർ അടക്കമുള്ള വിവിധ രാജ്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച സൗദി അറേബ്യക്ക് അമേരിക്കയും കുവൈത്തും നന്ദി പറഞ്ഞു. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ സുഡാനിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ നിർണായക സഹായം നൽകിയ സൗദി അറേബ്യക്കും എത്യോപ്യക്കും ജിബൂത്തിക്കും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നന്ദി പറഞ്ഞു. അമേരിക്കൻ ഗവൺമെന്റ് ഉദ്യോഗസ്ഥരെ ഖാർത്തൂമിൽനിന്ന് അമേരിക്കൻ സൈന്യം ഒഴിപ്പിച്ചതായും ബൈഡൻ പറഞ്ഞു.
സുഡാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ച സൗദി അറേബ്യക്ക് കുവൈത്ത് വിദേശ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽജാബിർ അൽസ്വബാഹ് നന്ദി പറഞ്ഞു. സ്വദേശത്തേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച മുഴുവൻ കുവൈത്തി പൗരന്മാരും സുരക്ഷിതരായി ജിദ്ദയിലെത്തിയിട്ടുണ്ട്. ഇവരെ കുവൈത്തിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിദേശ മന്ത്രി പറഞ്ഞു.
സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി ശൈഖ് സാലിം അൽഅബ്ദുല്ല അൽജാബിർ അൽസ്വബാഹ് പിന്നീട് ഫോണിൽ ബന്ധപ്പെട്ട് 11 രാജ്യങ്ങളുടെ പൗരന്മാരുടെ ഒഴിപ്പിക്കൽ പ്രക്രിയ വിജയകരമായി പൂർത്തിയായതിൽ അഭിനന്ദനം അറിയിച്ചു. സുഡാനിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിച്ച് സുരക്ഷിതരായി ജിദ്ദയിൽ എത്തിക്കാൻ സൗദി അറേബ്യ നടത്തിയ ശ്രമങ്ങൾക്ക് കുവൈത്തിന്റെ അഭിനന്ദനവും നന്ദിയും അറിയിക്കുന്നതായും വിദേശ മന്ത്രി പറഞ്ഞു. സുഡാനിൽ സ്ഥിതിഗതികൾ ശാന്തമാക്കാനും പോരാട്ടം അവസാനിപ്പിക്കാനും സാധാരണക്കാരായ സുഡാനികൾക്കും സുഡാനിൽ കഴിയുന്ന വിദേശികൾക്കും ആവശ്യമായ സുരക്ഷ ഒരുക്കാനും നടത്തുന്ന ശ്രമങ്ങളും സൗദി, കുവൈത്ത് വിദേശ മന്ത്രിമാർ വിശകലനം ചെയ്തു.
സുഡാൻ സംഘർഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനെ കുറിച്ചും സൗദി വിദേശ മന്ത്രിയും സ്വീഡിഷ് വിദേശ മന്ത്രി ടോബിയാസ് ബിൽസ്‌ട്രോമും ചർച്ച ചെയ്തു. സ്വീഡിഷ് വിദേശ മന്ത്രി സൗദി വിദേശ മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സൗദി അറേബ്യയും സ്വീഡനും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളിൽ സംയുക്ത ഏകോപനം ഊർജിതമാക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു.
സുഡാൻ സംഘർഷത്തിന്റെ ആദ്യ ദിനം ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണത്തിന് വിധേയമായ സൗദിയ വിമാനത്തിലെ ജീവനക്കാരും സൗദി നാവികസേനാ കപ്പലിൽ ജിദ്ദയിലെത്തിയിരുന്നു. ജിദ്ദയിലെത്തിയ പൈലറ്റുമാരും എയർ ഹോസ്റ്റസുമാരും അടക്കമുള്ള വിമാന ജീവനക്കാർക്ക് സൈനികർ സൗദി ദേശീയ പതാകകൾ വിതരണം ചെയ്തു.
സുരക്ഷാ സ്ഥിതിഗതികൾ വഷളായിട്ടും സുഡാനിലുണ്ടായിരുന്ന മുഴുവൻ സൗദി പൗരന്മാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സുഡാൻ സൗദി അംബാസഡർ അലി ബിൻ ഹസൻ ജഅ്ഫർ പറഞ്ഞു. സൗദി പൗരന്മാരും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും മറ്റേതാനും രാജ്യക്കാരും അടക്കം 158 പേരെയാണ് ഒഴിപ്പിച്ചത്. വിവിധ സായുധ സേനകളുടെ പിന്തുണയോടെ സൗദി നാവിക സേനയാണ് ഒഴിപ്പിക്കൽ ഓപ്പറേഷൻ നടത്തിയത്. 91 സൗദി പൗരന്മാരെയും കുവൈത്ത്, ഖത്തർ, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാക്കിസ്ഥാൻ, ഇന്ത്യ, ബൾഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, കാനഡ, ബുർകിനാഫാസോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 67 പേരെയുമാണ് സുഡാനിലെ പോർട്ട് സുഡാൻ തുറമുഖത്തുനിന്ന് അഞ്ചു നാവിക സേനാ കപ്പലുകളിൽ ഒഴിപ്പിച്ച് ജിദ്ദയിൽ വെസ്റ്റേൺ ഫഌറ്റിനു കീഴിലെ കിംഗ് ഫൈസൽ നാവിക താവളത്തിലെത്തിച്ചത്. ഇവർക്ക് സൈനികർ പൂച്ചെണ്ടുകളും ചോക്കലേറ്റുകളും സൗദി ദേശീയ പതാകകളും വിതരണം ചെയ്തു.