ജിദ്ദ:ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് സ്വന്തം പൗരൻമാരെ രക്ഷിച്ചെടുത്ത് സൗദി അറേബ്യ. പെരുന്നാളിന്റെ ഇടവേളയിലെ വെടിനിർത്തലിന്റെ സൗകര്യം ഉപയോഗിച്ചാണ് നാലു കപ്പലുകളിലായി സൗദി രക്ഷാപ്രവർത്തനം നടത്തിയത്. സുഡാൻ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു സൗദിയുടെ അതിവേഗ നീക്കം നടന്നത്.
സുഡാനിൽനിന്ന് ഒഴിപ്പിച്ചവർക്ക് ജിദ്ദ തുറമുഖത്ത് സ്വീകരണം നൽകി. കലാപത്തിനിടെ ഖാർത്തൂം വിമാനതാവളത്തിൽനിന്ന് വെടിയേറ്റ സൗദിയ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർക്ക് കപ്പലിൽ സ്വീകരണം നൽകി. സൗദി ദേശീയ പതാക നൽകിയാണ് എല്ലാവരെയും സ്വീകരിച്ചത്. ഈ വിമാനത്തിലെ യാത്രക്കാരെയും കപ്പലിൽ ജിദ്ദയിൽ എത്തിച്ചു. ഒരു ദിവസം കൊണ്ടാണ് സുഡാനിൽനിന്നുള്ള സൗദി സ്വദേശികളെ തിരിച്ചെത്തിച്ചത്. ഈ കപ്പലുകളിൽ സഹോദര രാജ്യങ്ങളിലെ പൗരൻമാരുമുണ്ട്. എന്നാൽ ഏതൊക്കെ രാജ്യത്തുള്ളവരാണ് എന്ന് സംബന്ധിച്ച് ഇതേവരെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മറ്റു രാജ്യങ്ങൾക്കൊന്നും സുഡാനിൽനിന്ന് ഇതേവരെ സ്വന്തം പൗരൻമാരെ നേരിട്ട് എത്തിക്കാൻ ഇതേവരെ സാധിച്ചിട്ടില്ല. അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് സൗദികളെ സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സൗദി അറേബ്യക്ക് സാധിച്ചു. സുഡാനികളായ യാത്രക്കാരും ജിദ്ദയിലെത്തി സൗദി ഭരണകൂടത്തിന് നന്ദി പറഞ്ഞു.
അഞ്ചു കപ്പലുകളിലായി 158 പേരെ ഒഴിപ്പിക്കുന്ന നടപടിക്കാണ് തുടക്കം കുറിച്ചത്. 91 സൗദികളെയും മറ്റു രാജ്യങ്ങളിലെ 66 പേരെയുമാണ് ഇതേവരെ ജിദ്ദയിൽ എത്തിച്ചത്.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നയതന്ത്ര കാര്യാലയങ്ങൾ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. രണ്ട് വ്യോമസേന വിമാനങ്ങൾ ദൽഹിയിൽനിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്. മറ്റൊന്നു കൂടി പുറപ്പെട്ടിട്ടുമുണ്ട്. സുഡാനിൽനിന്ന് ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച ശേഷം യാത്രാവിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാനാണ് പരിപാടി. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. ഒഴിപ്പിക്കൽ ആരംഭിക്കുന്ന പക്ഷം രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യയിൽ നിന്നെത്തുമെന്നാണ് വിവരം. അഞ്ചു സൈനിക വിമാനങ്ങളാണ് ഒഴിപ്പിക്കൽ ദൗത്യത്തിൽ പങ്കെടുക്കുക.
സൗദി പൗരന്മാരെയും സൗഹൃദ രാജ്യങ്ങളിൽനിന്നുള്ളവരെയും ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൗദി വിദേശ മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിർദേശിച്ചതനുസരിച്ചാണ് വിദേശകാര്യ മന്ത്രാലയം അടിയന്തര ഒഴിപ്പിക്കൽ നടപടിക്ക് തുടക്കമിട്ടത്.
പെരുന്നാൾ പ്രമാണിച്ച് സൈനിക വിഭാഗങ്ങൾ മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്തിയാണ് ഒഴിപ്പിക്കൽ ആരംഭിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രത്തലവൻമാർ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുഡാൻ പ്രസിഡന്റും സായുധ സേന കമാൻഡർ ഇൻ ചീഫുമായ ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സുഡാൻ സൈന്യം ട്വീറ്റ് ചെയ്തു. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ സുഡാനിലുള്ള അവരുടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും സൈനിക വിമാനങ്ങളിലാണ് ഖാർത്തൂമിൽ നിന്ന് ഒഴിപ്പിക്കുന്നത്. സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ കരമാർഗം പോർട്ട് സുഡാനിലേക്കും അവിടെ നിന്ന് വ്യോമമാർഗം സൗദിയിലേക്കും കൊണ്ടുവന്നു.സുഡാൻ ആർമി മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെയും ഉപമേധാവി മുഹമ്മദ് ഹംദാൻ ദഗ്ലുവിന്റെയും അനുയായികളായ സൈനിക വിഭാഗങ്ങളാണ് ഏറ്റുമുട്ടുന്നത്. ഔദ്യോഗിക സൈന്യം ബുർഹാന്റെയും അർധന സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് ദഗ്ലുവിന്റെയും ഒപ്പമാണ്. സൈനിക വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടലാരംഭിച്ചതോടെ സുഡാനിൽ ജീവിതം ദുസ്സഹമായിരിക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന അക്രമങ്ങളിൽ ഇതിനകം 400 പേർ കൊല്ലപ്പെട്ടു. പ്രധാന സർക്കാർ കേന്ദ്രങ്ങളും വിമാനത്താവളങ്ങളും നിയന്ത്രണത്തിലാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളം അടക്കം ആക്രമണത്തിനിരയായതോടെ വ്യോമ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
സ്വന്തം നാട്ടുകാരെ സുഡാനിൽനിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാൻ ശ്രമം ആരംഭിച്ചതായി അമേരിക്ക, ജപ്പാൻ, സ്വിറ്റ്സർലാന്റ്, ദക്ഷിണ കൊറിയ, സ്വീഡൻ, സ്പെയിൻ എന്നീ രാജ്യങ്ങൾ അറിയിച്ചു. ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥരെ സുരക്ഷിതമായി കൊണ്ടുപോകാനും ശ്രമം തുടരുകയാണ്.
അതിനിടെ, വിമാനത്താവളങ്ങൾ ഭാഗികമായി തുറക്കാൻ സന്നദ്ധമാണെന്ന് ആർ.എസ്.എഫ് അറിയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഒഴിപ്പിക്കൽ നടപടികൾ സുഗമമാക്കാൻ വേണ്ടിയാണിത്. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളുമായി ചേർന്ന് ഇതിനായി പ്രവർത്തിക്കാനും പൗരന്മാരെ സുരക്ഷിതമായി കൊണ്ടുപോകാനും എല്ലാ സഹായങ്ങളും നൽകുമെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ സുഡാനിലെ വിമാനത്താവളങ്ങളിൽ എത്രത്തോളം നിയന്ത്രണം ആർ.എസ്.എഫിനുണ്ട് എന്ന് വ്യക്തമല്ല.