റിയാദ്:സൗദി അടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ശനിയാഴ്ചയാകുമെന്നും വ്യാഴാഴ്ച മാസപ്പിറവി കാണില്ലെന്നും കണക്കുകള്‍ നിരത്തിയുള്ള 25 പേരടങ്ങിയ ഗോളശാസ്ത്രജ്ഞരുടെ കൂട്ടായ്മയുടെ പ്രവചനം ശരിയായില്ല. വ്യാഴാഴ്ച സൂര്യനസ്തമിച്ചാല്‍ ചന്ദ്രന് 24 മിനുട്ട് ആകാശത്തുണ്ടാവുമെന്നും ആകാശം തെളിഞ്ഞു നിന്നാല്‍ മാസപ്പിറവി ദൃശ്യമാകുമെന്നുമുള്ള സുദൈറിലെ പ്രമുഖ മാസപ്പിറവി നിരീക്ഷകന് അബ്ദുല്ല അല്‍ഖുദൈരിയുടെ അഭിപ്രായം കൃത്യമായി പുലര്‍ന്നു.
മാസപ്പിറവി ദൃശ്യമാകില്ലെന്നും ശനിയാഴ്ചയാണ് ഈദുല്‍ ഫിത്വറെന്നുമാണ് വ്യാഴാഴ്ച വൈകുന്നേരം വരെ 13 രാജ്യങ്ങളിലെ 25 ഗോളശാസ്ത്രജ്ഞര്‍ സംയുക്തമായി പറഞ്ഞിരുന്നത്. നഗ്ന നേത്രങ്ങള്‍, ടെലിസ്കോപ്പ് എന്നിവ കൊണ്ട് മാസപ്പിറവി ദൃശ്യമാകില്ല. വ്യാഴാഴ്ച ജക്കാര്‍ത്തയില്‍ 2.7 ഡിഗ്രിയും അബുദാബിയില്‍ 4.7 ഡിഗ്രിയും മക്കയില്‍ 5.1 ഡിഗ്രിയും കൈറോയില്‍ 5.5 ഡിഗ്രിയും ദാകാറില്‍ 8 ഡിഗ്രിയും ചന്ദ്രനും സൂര്യനും തമ്മില്‍ ദൂരമുണ്ടാകുമെന്ന് അവര്‍ കണക്ക് നിരത്തി. അതിനാല്‍ മാസപ്പിറവി കാണില്ല. മാസപ്പിറവി കാണല്‍ നിര്‍ബന്ധമില്ലാത്തവര്‍ക്കും ലോകത്തെവിടെയെങ്കിലും മാസപ്പിറവി ദൃശ്യമായാല്‍ അതു മതിയെന്ന് പറയുന്നവര്‍ക്കും വെളളിയാഴ്ച ഈദുല്‍ഫിത്വര്‍ ആഘോഷിക്കാം. എന്നാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ടെലിസ്കോപ്പ് വഴിയോ മാസപ്പിറവി ദൃശ്യമാകണമെന്ന നിബന്ധന അംഗീകരിക്കുന്നവര്‍ക്ക് റമദാന് 30 പൂര്‍ത്തിയാക്കി ശനിയാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാം. ഇങ്ങനെയായിരുന്നു ഗോളശാസ്ത്രജ്ഞരുടെ സംയുക്ത പ്രസ്താവന.
എന്നാല്‍ ഈ പ്രസ്താവനക്കെതിരെയാണ് റിയാദിനടുത്ത സുദൈര്‍ നിവാസികള്‍ രംഗത്തെത്തിയത്. സൗദി അറേബ്യയില്‍ മാസപ്പിറവി അടിസ്ഥാനമാക്കിയാണ് എല്ലാ ഹിജ്റ മാസങ്ങളുടെയും ആരംഭം തീരുമാനിക്കാറുള്ളത്. സംയുക്ത പ്രസ്താവന നടത്തിയ ഗോളശാസ്ത്രജ്ഞര്‍ക്ക് വിവരമില്ലെന്നും അവരുടെ പ്രസ്താവന തെറ്റാണെന്നും അവരുടെ നേതാവും സൗദിയിലെ പ്രമുഖ മാസപ്പിറവി നിരീക്ഷകനും മജ്മ ഗോളശാസ്ത്ര കേന്ദ്രത്തിന്റെ സുപര്വൈസറുമായ അബ്ദുല്ല അല്‍ഖുദൈരി പറഞ്ഞത്. വ്യാഴാഴ്ച സൂര്യാസ്തമയത്തോടെ തന്നെ റിയാദിലെ സുദൈറിലും തുമൈറിലും മാസപ്പിറവി കാണുകയും ചെയ്തു. സൗദി സുപ്രിംകോടതിയിലെ പ്രത്യേകസമിതി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഗോളശാസ്ത്രജ്ഞര്‍ വലിയ വിമര്‍ശനം നേരിടേണ്ടിവന്നു. എന്നാല്‍ മാസപ്പിറവി അംഗീകരിക്കില്ലെന്നും അതിന്റെ ചിത്രം പുറത്തുവിടണമെന്നുമുള്ള വാദങ്ങളാണ് പിന്നീട് ഗോളശാസ്ത്രജ്ഞര്‍ ഉന്നയിച്ചത്.
അറബ് രാജ്യങ്ങളില്‍ മാസപ്പിറവി ദര്‍ശനത്തെ ആശ്രയിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നജ്ദിയന് പ്രദേശമായ ഹോത്ത സുദൈര്‍. സൗദി തലസ്ഥാനമായ റിയാദിന് വടക്ക് ഭാഗത്തുള്ള ഈ പ്രദേശത്തുകാര്‍ക്ക് മാസപ്പിറവി നിരീക്ഷണത്തില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്. ആ പരിചയം മുന്‍നിര്‍ത്തിയാണ് വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമാകുമെന്ന് അവര്‍ ഉറപ്പിച്ചുപറഞ്ഞതും ഗോളശാസ്ത്രജ്ഞരെ തള്ളിപ്പറഞ്ഞതും.
ഗോള ശാസ്ത്ര രംഗത്ത് ഈ നാട്ടുകാരുടെ അനുഭവ സമ്പത്ത് കണക്കിലെടുത്താണ് മജ്മ യൂണിവേഴ്സിറ്റി സുദൈറില്‍ ഗോള ശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. ആറു മാസത്തോളം കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ വിശദമായ പഠനം നടത്തിയ ശേഷമാണ് ഹോത്ത സുദൈറിന്റെ തെക്ക് പടിഞ്ഞാര്‍ ഭാഗത്ത് ഈ കേന്ദ്രം പണിതത്. മാസപ്പിറവി ദര്‍ശനത്തിനും ആകാശ ഗോളങ്ങളെ നിരീക്ഷണത്തിനും ഏറ്റവും അനുയോജ്യ സ്ഥലമായ ഒരു മലമുകളിലാണിത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 780 മുതല്‍ 930 വരെ മീറ്റര്‍ ഉയരത്തില്‍ കാറ്റ് കുറഞ്ഞ പ്രകൃതി മലിനീകരണമില്ലാത്ത ഒരു മലമ്പ്രദേശമാണിത്. ഹിജ്റ 1076 നു മുമ്പ് അറബ് കച്ചവടക്കാര്‍ യാത്ര ചെയ്തിരുന്ന 40 കിലോമീറ്റര്‍ പരിധിയിലുള്ള മലയോരമേഖലയാണ് സുദൈര്‍. വാദി ജവി, വാദില്‍ ഹായിര്‍, വാദി അബാ അല്മിയാഹ്, വാദി അല്‍ഫഖി, വാദി വറാഥ് തുടങ്ങിയ മലയോര മേഖലകള്‍ സ്ഥിതിചെയ്യുന്ന ഒരു കാര്‍ഷിക മേഖല കൂടിയാണിത്. ഖല്ബാന് എന്ന് നാട്ടുകാര്‍ വിളിക്കുന്ന കിണറുകള്‍ ധാരാളമുണ്ടിവിടെ. ഈ കിണറുകളില്‍ നിന്നാണ് കൃഷിക്കാവശ്യമായ വെള്ളമെടുക്കുന്നത്. എല്ലാ മാസവും അവര്‍ മാസപ്പിറവി നിരീക്ഷിച്ച് സുപ്രിംകോടതിയെ അറിയിക്കുന്നതിന് പ്രത്യേക സമിതി ഇവിടെയുണ്ട്. ആസ്ത്രേലിയ, തായ്ലന്റ്, ജപ്പാന്, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ, ഒമാന്‍, പാകിസ്ഥാന്, ഇറാന്, ലിബിയ, മൊറോക്കോ എന്നിവിടങ്ങളില്‍ ശനിയാഴ്ചയാണ് ഈദുല്‍ ഫിത്വര്‍. സൗദിക്ക് പുറമെ തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍, യുഎഇ, ഇറാഖ്, ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍, യമന്‍, സിറിയ, സുഡാന്, ഫലസ്ഥീന്, അള്‍ജീരിയ, ടുനീഷ്യ എന്നീ രാജ്യങ്ങള്‍ വെളളിയാഴ്ച ഈദാഘോഷിച്ചു.