മക്ക – വിശുദ്ധ റമദാനില്‍ തറാവീഹ് നമസ്കാരത്തില്‍ ഖുര്‍ആന്‍ പൂര്‍ണമായും പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതോടനുബന്ധിച്ച പ്രത്യേക പ്രാര്‍ഥനയായ ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ അലിഞ്ഞ് വിശ്വാസി ലക്ഷങ്ങള്‍. മുന്‍ വര്‍ഷങ്ങളിലെ പതിവു പോലെ ഹറം ഇമാമും ഖത്തീബും ഹറംകാര്യ വകുപ്പ് മേധാവിയുമായ ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി. മഗ്രിബ്, ഇശാ, തറാവീഹ് നമസ്കാരങ്ങളിലും ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയിലും പങ്കെടുക്കാന്‍ രാവിലെ മുതല്‍ തന്നെ വിശ്വാസികള്‍ ഹറമിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയിരുന്നു.
ആയിരം മാസങ്ങളെക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര് ആകാന്‍ സാധ്യത കല്പിക്കപ്പെടുന്ന റമദാനിലെ അവസാന പത്തിലെ ഒറ്റപ്പെട്ട രാവുകളില്‍ ഒന്നായ ഇരുപത്തിയൊമ്പതാം രാവാണെന്നത് കണക്കിലെടുത്തും ഇത്തവണത്തെ റമദാനിലെ അവസാന രാവാകാന്‍ സാധ്യതയുള്ളതിനാലും ഹറമില്‍ തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങളില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും ആരാധനകളിലും പ്രാര്‍ഥനകളിലും മുഴുകാനും സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകരും വിശ്വാസികളും മക്ക നിവാസികളും പ്രത്യേക താല്പര്യം പ്രകടിപ്പിച്ചു. വിദേശങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ പ്രത്യേക താല്പര്യമാണ് കാണിക്കുന്നത്.
ലൈലത്തുല്‍ ഖദ്ര് ആകാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവില്‍ ഉംറ കര്‍മം നിര്‍വഹിക്കാനും നമസ്കാരം നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ 26 ലക്ഷത്തിലേറെ വിശ്വാസികള്‍ ഒഴുകിയെത്തിയിരുന്നു. ഹറമിന്റെ ചരിത്രത്തില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ തിരക്കായിരുന്നു ഇത്. ഇതിന് സമാനമായ തിരക്കാണ് ഇന്നലെ ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥന നടന്ന തറാവീഹ് നമസ്കാരത്തിലും അനുഭവപ്പെട്ടത്.
തറാവീഹ് നമസ്കാരത്തില്‍ പങ്കെടുത്തവരുടെ നിരകള്‍ ഹറമില്‍ നിന്ന് ആയിരക്കണക്കിന് മീറ്റര്‍ ദൂരേക്ക് നീണ്ടു. മാനവരാശിയുടെ മേല്‍ ദൈവീക കാരുണ്യ വര്‍ഷത്തിനും പാപമോചത്തിനും ഭൂമിയില്‍ പീഢനങ്ങള്‍ അനുഭവിച്ച് ദുരിതക്കടലിലൂടെ ജീവിക്കാന്‍ വിധിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ദുരിതങ്ങള്‍ അകറ്റാനും ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയില്‍ ഇമാം സര്‍വശക്തനോട് മനമുരുകി കേണു. വിശ്വാസികള്‍ കണ്ണീരണിഞ്ഞ് പ്രാര്‍ഥനയില്‍ പങ്കെടുത്ത് ഹൃദയങ്ങള്‍ സ്ഫുടം ചെയ്തെടുത്ത് ആത്മീയ ചൈതന്യം നേടി.
വിശ്വാസികളുടെ അനിയന്ത്രിതമായ തിരക്ക് മുന്‍കൂട്ടി കണ്ട് ഹറംകാര്യ വകുപ്പും സുരക്ഷാ വകുപ്പുകളും മറ്റു ബന്ധപ്പെട്ട വകുപ്പുകളും എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയും തയാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു.
മദീനയില്‍ പ്രവാചക പള്ളിയിലും തറാവീഹ് നമസ്കാരത്തിലാണ് ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥന നടന്നത്. മസ്ജിദുന്നബവിയില്‍ അഞ്ചു ലക്ഷത്തിലേറെ പേര് തറാവീഹ് നമസ്കാരത്തിലും ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയിലും പങ്കെടുത്തതായാണ് കണക്കാക്കുന്നത്.