Jeddah: വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ റമദാൻ മുപ്പത് പൂർത്തിയാക്കി ശനിയാഴ്ചയോ ആയിരിക്കും സൗദിയില്‍ ഈദുൽ ഫിത്വർ. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുക. രാവിലെ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിൽ വിശ്വാസികൾ ആഹ്ലാദവും സന്തോഷവും പങ്കിടും.
സൗദിയിൽ എല്ലായിടത്തും ഏകദേശം ഒരേസമയത്തായിരിക്കും പെരുന്നാൾ നമസ്‌കാരം നടക്കുക. പള്ളികളിലും ഈദ് ഗാഹുകളിലും സൂര്യോദയമുണ്ടായി കാൽ മണിക്കൂറിന് ശേഷമാണ് പെരുന്നാൾ നമസ്‌കാരം നിർവഹിക്കേണ്ടത്. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചാണ് ഇക്കാര്യം നിർണയിച്ചതെന്ന് ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ ജോലികളും മറ്റും പൂർത്തിയാക്കി പെരുന്നാൾ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ മുഴുവൻ സ്ഥലങ്ങളിലും പൂർത്തിയായിട്ടുണ്ട്. സൗദിയിൽ ഏറ്റവുമാദ്യം സൂര്യോദയം സംഭവിക്കുക അൽ കോബാറിലും ദമാമിലും ദഹ്‌റാനിലുമാണ്.
അതേസമയം, ഏപ്രിൽ 20 റമദാൻ 29ന് വ്യാഴാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രിം കോടതി ആവശ്യപ്പെട്ടു. നഗ്‌ന നേത്രങ്ങൾ, ടെലിസ്‌കോപ്പ് എന്നിവ വഴി മാസപ്പിറവി കാണുന്നവർ ഏറ്റവും അടുത്ത കോടതിയെ അറിയിച്ച് സാക്ഷ്യപ്പെടുത്തണം. ഇക്കാര്യം എല്ലാവരും ഗൗരവത്തിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
റിയാദിൽ സൂര്യാസ്തമയത്തിന് ശേഷം 24 മിനുട്ട് കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുകയെന്നും ആകാശം തെളിഞ്ഞതാണെങ്കിൽ മാസപ്പിറവി ദശ്യമാകുമെന്നുമാണ് സൗദിയിലെ ഗോള ശാസ്ത്രജ്ഞർ പറയുന്നത്.