മുംബൈ: സഊദിയിലേക്കുള്ള ഫാമിലി വിസിറ്റ് അടക്കം വിസകൾ വി എഫ് എസ് വഴി സ്റ്റാമ്പ് ചെയ്യുന്നത് ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെ ആശ്വാസമായി വീണ്ടും കോൺസുലേറ്റ്. പാസ്പോർട്ടുകൾ നേരിട്ട് സമർപ്പിക്കാൻ ട്രാവൽസുകൾക്ക് വീണ്ടും സമയം കൂട്ടി നൽകിയിരിക്കുകയാണ് മുബൈയിലെ സഊദി കോൺസുലേറ്റ്. ഏപ്രിൽ 20 മുതൽ ട്രാവൽസുകൾക്ക് കോൺസുലേറ്റിലേക്കുള്ള പാസ്സ്പോർട്ട് സബ്മിഷൻ നിർത്തിവെച്ച് പകരം വി എഫ് എസ് വഴി മാത്രമായിരിക്കുമെന്ന് നേരത്തെ കോൺസുലേറ്റ് അറിയിച്ചിരുന്നു. എന്നാൽ, ഇതിനുള്ള സമയം വീണ്ടും കൂട്ടി നൽകിയിരിക്കുകയാണ് മുംബൈയിലെ സഊദി കോൺസുലേറ്റ്.
പുതിയ അറിയിപ്പ് പ്രകാരം ഈ മാസം 28 വെള്ളിയാഴ്ച വരെ അംഗീകൃത ഏജൻസികൾക്ക് വിസ സ്റ്റാമ്പ് ചെയ്യാനുള്ള പാസ്പോർട്ടുകൾ കോൺസുലേറ്റിൽ നേരിട്ട് സമർപ്പിക്കാം. ഇത് സംബന്ധിച്ച നിർദേശം അടങ്ങുന്ന സന്ദേശം കോൺസുലേറ്റ് റിക്രൂട്ടിംഗ് ഏജന്റുമാർക്ക് കൈമാറി.
ഏപ്രിൽ 20 മുതൽ ബിസിനസ് വിസകളും ഫാമിലി വിസിറ്റ് വിസകളും വി എഫ് എസ് വഴി മാത്രമേ സ്റ്റാംബിംഗിനായി സമർപ്പിക്കാൻ പാടുള്ളൂ എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ ഏപ്രിൽ 3 മുതൽ ടൂറിസ്റ്റ് വിസ, റി എൻട്രി എക്സ്റ്റൻഷൻ, റെസിഡന്റ് വിസ അടക്കമുള്ള വിവിധ വിസാ സ്റ്റാംബിംഗ് വി എഫ് എസ് (വിസ ഫെസിലിറ്റേഷൻ സെന്റർ) മുഖേനയാക്കി മാറ്റുമെന്ന് അറിയിച്ചിരുന്നു.
ഏപ്രിൽ 20 മുതൽ സഊദിയിലേക്കുള്ള തൊഴിൽ, ഹജ്ജ്, ഉംറ വിസകൾ ഒഴികെയുള്ള മുഴുവൻ വിസകളും സ്റ്റാംബ് ചെയ്യാൻ ഇനി വി എഫ് എസ് വഴി മാത്രമേ സമർപ്പിക്കാൻ സാധിക്കൂ എന്നായിരുന്നു ഇത് വരെ ഉണ്ടായിരുന്ന അറിയിപ്പ്. വി എഫ് എസ് വഴിയുള്ള സ്റ്റാമ്പിങ് നടപടികളിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. ഇതെ തുടർന്ന് ഏപ്രിൽ 20 മുതൽ പാസ്സ്പോർട്ട് സ്റ്റാമ്പിങ് എങ്ങനെ ആയിരിക്കുമെന്ന അവ്യക്തതക്കിടെയാണ് ആശ്വാസമായി 28 വരെ നിലവിലെ അവസ്ഥ പോലെ ട്രാവാൽസ് ഏജൻസികൾക്ക് നേരിട്ട് പാസ്പോർട്ടുകൾ നൽകാമെന്ന അറിയിപ്പ് വന്നിരിക്കുന്നത്.
അതേസമയം, ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍, സന്ദര്‍ശനം, റസിഡന്‍സ് വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ലെന്ന അറിയിപ്പും പുറത്ത് വന്നിട്ടുണ്ട്. സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം റദ്ദാക്കിയതായും പകരം എ4 സൈസ് പേപ്പറില്‍ വിസ വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ കാണിച്ചാല്‍ മതിയെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിവിധ എയര്‍ലൈനുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു.