റിയാദ്:സൗദി അറേബ്യയിലെ വിസ വ്യവസ്ഥയില്‍ പുതിയ മാറ്റം. ഇനി മുതല്‍ ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍, സന്ദര്‍ശനം, റസിഡന്‍സ് വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ല. സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം റദ്ദാക്കിയതായും പകരം എ4 സൈസ് പേപ്പറില്‍ വിസ വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ കാണിച്ചാല്‍ മതിയെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിവിധ എയര്‍ലൈനുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു.
ഇന്ത്യക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ സന്ദര്‍ശക, തൊഴില്‍, താമസ വിസകള്‍ക്കാണ് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കല്‍ ഒഴിവാക്കിയത്. പകരം ക്യു. ആര്‍ കോഡുള്ള വിസ പേപ്പര്‍ കൈവശം വെച്ചാല്‍ മതി. എയര്‍ലൈനുകള്‍ ഈ തീരുമാനം അനുസരിക്കണമെന്നും ഇല്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുംബൈ സൗദി കോണ്‍സുലേറ്റില്‍ നിന്ന് ഇതുവരെ അറിയിപ്പുകള്‍ എത്തിയിട്ടില്ല.