മക്ക/ മദീന: റമദാനിലെ അവസാന പത്ത് ദിവസങ്ങളിലെ പുണ്യ രാത്രിയായ ഇരുപത്തിയേഴാം രാവിൽ ജന ലക്ഷങ്ങൾ മക്കയിലും മദീനയിലും സംഗമിച്ചു.
മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും 20 ലക്ഷത്തിലധികം വിശ്വാസികൾ ഇശാ നിസ്കാരത്തിനായും തറാവീഹ്, ഖിയാമുല്ലൈൽ പ്രത്യേക രാത്രി പ്രാർത്ഥനകൾക്കായും ഒത്തുകൂടിയെന്നാണ് കണക്കുകൾ.
നാഥനിലേക്ക് ഇരു കയ്യുയർത്തി പ്രാർത്ഥനാ മനസ്സുമായി അലിഞ്ഞു ചേരാൻ ജനലക്ഷങ്ങൾ മക്കയിലേക്കും മദീനയിലേക്കും ഒഴുകുകയായിരുന്നു. ഉംറ തീർഥാടകരും രാത്രി നമസ്കാരങ്ങൾക്ക് അണിനിരന്നപ്പോൾ ഹറമും പരിസരവും ജനനിബിഡമായി.
ഇശാ നിസ്‌കാരത്തിന് ശേഷം നടന്ന തറാവീഹ് നിസ്‌കാരത്തിലും പാതിരാ നിസ്‌കാരത്തിലും പങ്കെടുത്ത വിശ്വാസികൾ പുലർച്ചെ വരെ ഇലാഹീ ചിന്തയിൽ പ്രാർത്ഥനാ നിരതരായിരുന്നു. തിരക്ക് മുന്നിൽ കണ്ട ശക്തമായ മുന്നൊരുക്കങ്ങളും സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. പുലർച്ച വരെ നീണ്ട പ്രാര്‍ഥനയില്‍ ഹറം കണ്ണീരണിഞ്ഞു. പാപ മോചനത്തിന്റെ അവസാന പത്തും വിടവാങ്ങാനിരിക്കെ പല തീര്‍ത്ഥാടകരും ഹറമില്‍ തന്നെ കഴിയുകയാണ്.
ജന ബാഹുല്യം കണക്കിലെടുത്തു ചെറിയ 27ാം രാവിൽ ഉണ്ടായേക്കാവുന്ന തിരക്ക് മുൻകൂട്ടി കണ്ട് ഇരുഹറം കാര്യാലയം, ട്രാഫിക്ക്, പൊലീസ്, സിവിൽ ഡിഫൻസ്, റെഡ്ക്രസൻറ്, ആരോഗ്യം, മുനിസിപ്പാലിറ്റി തുടങ്ങി വിവിധ വകുപ്പുകൾ പൂർണ്ണ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മക്ക ഹറം പള്ളിയിലെ 118 വാതിലുകളിലൂടെ വിശ്വാസികളും തീർഥാടകരും സുഗമമായി ഒഴുകിയെത്തിയെങ്കിലും, ഇരുപത്തിയേഴാം രാവിലെ തീർഥാടകരെ സ്വീകരിക്കാൻ തയ്യാറാക്കിയ പദ്ധതി വൻ വിജയമായതായി ഇരു ഹറം കാര്യാലയ വകുപ്പ് ജനറൽ പ്രസിഡൻസി പ്രഖ്യാപിച്ചു.
വലിയ വാഹനങ്ങൾക്ക് ഗതാഗതം നിരോധനം ഉണ്ടെങ്കിലും ഇടവേളകളില്ലാതെ പ്രത്യേക ബസ്സുകള്‍ സർവ്വീസ് നടത്തിയത് ആശ്വാസമായി. വൈകുന്നേരത്തോടെ തന്നെ എല്ലാ വഴികളും ജനസാഗരമായി മാറിയിരുന്നു. നോമ്പ് തുറ കഴിഞ്ഞു ഹറം പള്ളിയിൽ നിന്നും പുറത്തിറങ്ങിയാൽ പിന്നീട് വീണ്ടും അകം പള്ളിയിലേക്ക് കയറാൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ തീർത്ഥാടകർ ഇവിടെ തന്നെ കഴിച്ചു കൂട്ടി രാത്രി നിസ്‌കാരവും കഴിഞ്ഞാണ് പുറത്തിറങ്ങിയത്.
പ്രായമായവരെയും പ്രത്യേക ആവശ്യങ്ങളുള്ള ആളുകളെയും പരിചരിക്കുന്നതിനായി 5,000-ത്തിലധികം സാധാരണ വാഹനങ്ങൾ 3,000 ഇലക്ട്രിക് വാഹനങ്ങൾ 200 ഇലക്ട്രിക് സ്റ്റെപ്പുകൾ 14 എസ്കലേറ്ററുകൾ എന്നിവയും ഒരുക്കിയിരുന്നു