മസ്‌കത്ത്:വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിയുകയാണെങ്കിലും ഒമാന്‍-കേരള സെക്ടറുകളില്‍ കുറഞ്ഞ ടിക്കറ്റ്. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം റൂട്ടിലെല്ലാം ഇപ്പോഴും സാധാരണ നിരക്കുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒമാന്‍ എയര്‍ ഉള്‍പ്പെടെ വിമാനങ്ങളില്‍ നിരക്കുകള്‍ കുറവാണ്.
പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്നതായി പ്രവാസികള്‍ പറയുന്നു. നാല് ഇരട്ടിവരെ ടിക്കറ്റ് നിരക്കുയര്‍ന്നിരുന്ന റമദാനിലെ അവസാന ദിനങ്ങളിലും ഇത്തവണ താരതമ്യേന കുറഞ്ഞ ചെലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ചില സെക്ടറുകളില്‍ 50 റിയാലില്‍ താഴെ മാത്രമാണ് ടിക്കറ്റ് നിരക്ക്.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ മസ്‌കത്തില്‍നിന്നു കോഴിക്കോട്ടേക്ക് ഏപ്രില്‍ 18 വരെ 37 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്. പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളായ ഏപ്രില്‍ 19, 20, ദിവസങ്ങളിലും 54 റിയാലണ് ടിക്കറ്റ് നിരക്ക്. 21 മുതല്‍ വീണ്ടും ടിക്കറ്റ് നിരക്ക് 37 റിയാലാകും. മസ്‌കത്ത്കണ്ണൂര്‍ റൂട്ടില്‍ ഏപ്രില്‍ 17ന് 35 റിയാല്‍ ആണ് ടിക്കറ്റിന് ചെലവ് വരുന്നത്. 19ന് 64 റിയാലാണ്. കൊച്ചിയിലേക്ക് ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് ടിക്കറ്റ് നിരക്ക്. ഏപ്രില്‍ 19ന് 71ഉം 20ന് 81 റിയാലുമാണ് നിരക്ക്. തിരുവനന്തപുരം സെക്ടറില്‍ ഏപ്രില്‍ 18 വരെ 42 റിയാലില്‍ താഴെയാണ് നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളിലും 71 മുതല്‍ 81 റിയാല്‍ വരെ മാത്രമാണ് ടിക്കറ്റിന് ഈടാക്കുന്നത്. ഇതിന് ശേഷം വീണ്ടും നിരക്ക് താഴേക്ക് വരും. മുന്‍ വര്‍ഷങ്ങളില്‍ ഇതേ ദിവസങ്ങളില്‍ 150 റിയാലിന് മുകളിലായിരുന്നു ടിക്കറ്റ് നിരക്കുകള്‍.
ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് ടിക്കറ്റെടുത്തവര്‍ കുറവാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പെരുന്നാള്‍ അവധി കുറഞ്ഞതും സ്‌കൂള്‍ പുതിയ അധ്യായന വര്‍ഷം ആരംഭിച്ചതും കാരണമാണ്.