മക്ക:ഒരു വർഷത്തിനിടെ മക്ക ബസ് സർവീസുകൾ അഞ്ചു കോടിയിലേറെ പേർ പ്രയോജനപ്പെടുത്തിയതായി കണക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരി മധ്യത്തിലാണ് പദ്ധതിയിൽ സർവീസുകൾ ആരംഭിച്ചത്. 2022 ഫെബ്രുവരി മുതൽ 2023 ഏപ്രിൽ വരെയുള്ള കാലത്ത് അഞ്ചു കോടിയിലേറെ പേർ പദ്ധതി പ്രയോജനപ്പെടുത്തിയതായി മക്ക റോയൽ കമ്മീഷൻ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ മക്ക ബസ് യാത്രക്കാർ രണ്ടര കോടിയിലെത്തി റെക്കോർഡിട്ടിരുന്നു. ഏപ്രിൽ മാസത്തോടെ യാത്രക്കാർ അഞ്ചു കോടി കവിഞ്ഞ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഓരോ വർഷവും മക്ക ബസ് സർവീസ് പ്രയോജനപ്പെടുത്തുമെന്ന് നേരത്തെ കണക്കാക്കിയിരുന്നതിനെക്കാൾ 71 ശതമാനം കൂടുതലാണിത്. വരും കാലത്ത് ബസ് യാത്രക്കാരുടെ എണ്ണം ഇരട്ടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് മക്ക ബസ് പദ്ധതിയെന്ന് മക്ക റോയൽ കമ്മീഷൻ സി.ഇ.ഒ എൻജിനീയർ സ്വാലിഹ് അൽറശീദ് പറഞ്ഞു. ബസുകളിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ യാത്രക്കാരുടെ എണ്ണം ഉയരാൻ സഹായിച്ചു. മക്ക ബസ് പദ്ധതി ലോജിസ്റ്റിക് മേഖലയിൽ അതുല്യമായ അനുഭവം നൽകുകയും നഗരവാസികളുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു.
ബസുകളിലെ സീറ്റ് ശേഷിയും യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കൈവരിക്കാൻ സഹായിച്ചു. ആർട്ടിക്കുലേറ്റഡ് ബസുകളിൽ 125 പേർക്ക് വീതം യാത്ര ചെയ്യാൻ കഴിയും. സാദാ ബസുകളിൽ 85 പേർക്ക് വീതം യാത്ര ചെയ്യാൻ സാധിക്കും. നിലവിൽ മക്കയിൽ 12 റൂട്ടുകളിലാണ് ബസ് സർവീസുകളുള്ളത്. ഈ റൂട്ടുകളിൽ ആകെ 438 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.