കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ആദ്യ ഗഡു അടക്കാനുള്ള സമയം 15 വരെ നീട്ടി. നേരത്തെ 12 വരെയാണ് സമയം നല്‍കിയിരുന്നത്. മുഴുവന്‍ പേര്‍ക്കും പണം അടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് 15 വരേ നീട്ടിയത്.
ഓരോ തീര്‍ഥാടകനും അഡ്വാന്‍സ് തുകയും പ്രോസസിംങ് ചാര്‍ജും ഉള്‍പ്പെടെ ആദ്യ ഗഡുവായി 81,800 രൂപയാണ് അടക്കേണ്ടത്. പണമടച്ച ശേഷം പാസ്‌പോര്‍ട്ടും, പണമടച്ച രശീതിയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ഹജ് അപേക്ഷാ ഫോമും അനുബന്ധരേഖകളും സംസ്ഥാന ഹജ് കമ്മിറ്റിക്ക് ഈ മാസം 18ന് വൈകുന്നേരം അഞ്ച് മണിക്കകം സമര്‍പ്പിക്കണം.
സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഇത്തവണത്തെ ഹജിന് തെരഞ്ഞെടുക്കപ്പെട്ട 10331 പേരില്‍ ഇതുവരെയായി 9826 പേരാണ് രേഖകള്‍ സമര്‍പ്പിച്ചത്. 505 പേരാണ് രേഖകള്‍ സമര്‍പ്പിക്കാന്‍ ബാക്കിയുള്ളത്. നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമര്‍പ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കും. ഇവരുടെ സീറ്റുകളിലേക്ക് വെയ്റ്റിംങ് ലിസ്റ്റിലുള്ളവരെ മുന്‍ഗണനാക്രമത്തില്‍ കേന്ദ്ര ഹജ് കമ്മിറ്റി പരിഗണിക്കും.
ഹജ് ഹൗസിലും, വിവിധ കേന്ദ്രങ്ങളിലുമായി ലഭിച്ച പാസ്‌പോര്‍ട്ടുകളും, ഹജ് അപേക്ഷാ ഫോമുകളുടെയും സോര്‍ട്ടിംഗും, സ്‌കാനിംഗ്, അപ്്‌ലോഡിംഗ് ജോലികള്‍ ഹജ് ഹൗസില്‍ ആരംഭിച്ചു.
ലഭിച്ച രേഖകളും,പാസ്‌പോര്‍ട്ടും കേന്ദ്ര ഹജ് കമ്മിറ്റിക്ക് സമര്‍പ്പിക്കുന്നതിനാണിത്. സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഹജ് ഹൗസിലെത്തി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.