റിയാദ് – പാർക്കുകളിലും പൊതുചത്വരങ്ങളിലും കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, ഇരിപ്പിടങ്ങൾ, തണൽകുടകൾ, ഫുട്പാത്തുകൾ, ഭിത്തികൾ എന്നിവ നശിപ്പിക്കുന്നവർക്ക് 1,000 റിയാൽ പിഴ ചുമത്താൻ മുനിസിപ്പൽ, ഗ്രാമ, പാർപ്പിട മന്ത്രാലയത്തിന് നീക്കം. നഗരസഭാ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും അടങ്ങിയ പുതിയ കരടു പട്ടികയിൽ പാർക്കുകളിലും പൊതുചത്വരങ്ങളിലും പൊതുമുതലുകൾ നശിപ്പിക്കുന്നവർക്കുള്ള പിഴയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാർക്കുകളിലും പൊതുചത്വരങ്ങളിലും ചെടികളും മരങ്ങളും നശിപ്പിക്കൽ, റോഡുകളോടു ചേർന്ന കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുടെ മുൻവശങ്ങളിലും പോസ്റ്ററുകൾ പതിക്കൽ, എഴുതൽ എന്നീ നിയമ ലംഘനങ്ങൾക്കും 1,000 റിയാൽ തോതിൽ പിഴ ലഭിക്കും. കുഴിയെടുക്കൽ ജോലികൾക്കുള്ള യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുന്നതു മൂലം റോഡുകൾ കേടുവരുത്തൽ, ലൈസൻസില്ലാതെ റോഡ് അടക്കൽ, ഫുട്പാത്തുകൾ നശിപ്പിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 30,000 റിയാൽ തോതിൽ പിഴ ലഭിക്കും. ചെറിയ മരങ്ങൾക്ക് ചുറ്റും സ്ഥാപിക്കുന്ന സംരക്ഷണ വേലികൾ നശിപ്പിക്കൽ, ഈത്തപ്പന നശിപ്പിക്കൽ, ജലസേചന പൈപ്പ്‌ലൈനുകൾ നശിപ്പിക്കൽ, പാർക്കുകൾ കേടുവരുത്തൽ എന്നീ നിയമ ലംഘനങ്ങൾക്ക് 10,000 റിയാൽ തോതിലാണ് പിഴ ചുമത്തുക. നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ പൊതുസമൂഹത്തിന്റെ അഭിപ്രായ, നിർദേശങ്ങൾക്ക് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ (ഇസ്തിത്‌ലാഅ്) പരസ്യപ്പെടുത്തിയിട്ടുണ്ട്.