റിയാദ് – സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദികളെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി ഉടനടി പരിഗണിക്കുന്ന പദ്ധതിക്ക് തുടക്കമാുന്നു. പുതുതായി നിയമിക്കുന്ന സ്വദേശികളായ ജീവനക്കാരെ ഉടനടി നിതാഖാത്ത് പരിധിയില്‍ ഉള്‍പ്പെടുത്തും. ഇതോടെ സ്ഥാപനത്തിന്‍റെ കാറ്റഗറി മാറാന്‍ നിശ്ചിത സമയപരിധി വരെ കാത്തിരിക്കണമെന്ന വ്യവസ്ഥ റദ്ദാകും. പരിഷ്‌കരിച്ച നിതാഖാത്തിൽ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. വേതന സുരക്ഷാ പദ്ധതി പാലിക്കുന്ന, പച്ച വിഭാഗം സ്ഥാപനങ്ങൾക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. മെയ് ഒന്നു മുതൽ പദ്ധതി നടപ്പാക്കി തുടങ്ങും.
സ്വകാര്യ മേഖലയിൽ വേതന സുരക്ഷാ പദ്ധതി പാലന തോതും സൗദിവൽക്കരണ അനുപാതവും ഉയർത്താൻ ആഗ്രഹിച്ചാണ് പുതിയ പദ്ധതി മന്ത്രാലയം നടപ്പാക്കുന്നത്. ആറു മാസത്തിൽ കൂടുതൽ കാലം വേതന സുരക്ഷാ പദ്ധതി കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങളെയും പരിഷ്‌കരിച്ച നിതാഖാത്ത് വഴി സമീപ കാലത്ത് പച്ച വിഭാഗത്തിലേക്ക് മാറുകയും ചെയ്ത സ്ഥാപനങ്ങളെയുമാണ് സൗദി ജീവനക്കാരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരായി തൽക്ഷണം കണക്കാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.