തെഹ്റാൻ- സൗദി ഇറാൻ ബന്ധം പഴയ പടിയായതോടെ സൗദിയിൽ ഭീകരവാദക്കുറ്റത്തിനു വധശിക്ഷക്കു വിധിക്കപ്പെട്ട നമിർ അൽ നമിറിന്റെ പേര് റോഡിൽ നിന്നു നീക്കം ചെയ്ത് ഇറാൻ അധികൃതർ. 2015 ൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വധശിക്ഷ വിധിക്കപ്പെട്ട അമ്പതോളം ഭീകരവാദികളുടെ കൂട്ടത്തിലായിരുന്നു നമിർ അൽ നമിർ. സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ശിയ വിശ്വാസികളായ ചെറുപ്പക്കാരെ അട്ടിമറിപ്രവർത്തനങ്ങൾക്കും സുരക്ഷ വകുപ്പുകളെ ആക്രമിക്കുന്നതിനു പ്രോത്സാഹിപ്പിക്കുകയും തനിക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനെ പരസ്യമായി വെല്ലുവെളിക്കുകയും ചെയ്തിരുന്ന ശിയാ പുരോഹിതൻ കൂടിയായിരുന്നു ഇദ്ദേഹം. ഇതേ തുടർന്നാണ് നമിർ അൽ നമിറിനെ വധ ശിക്ഷക്കു വിധേയമാക്കിയത്. നമിറിനെതിരെ നടപ്പാക്കിയ വധശിക്ഷയിൽ പ്രതിഷേധിച്ചായിരുന്നു ഇറാനിലെ സൗദി എംബസിക്കെതിരെ ആക്രമണമുണ്ടാകുകയും അനിശ്ചിതമായി ഇറാനിലെ സൗദി എംബസി അടച്ചിടുകയും ചെയ്തത്. നമിറിന് ദിവ്യപരിവേഷവും രക്തസാക്ഷിത്വ പദവിയും ചാർത്തി നൽകിയ ഇറാൻ അധികൃതർ റോഡിനു നമിറിൻെ നാമകരണം നടത്തുകയും ചെയ്തു. സൗദി ഇറാൻ ബന്ധം പഴയ പടിയായതോടെ സൗദിക്കെതിരെ യെമനിലെ ഹൂത്തി വിമതരെ തുണക്കുകയില്ലെന്നും സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾക്കെതിരിൽ സ്വീകരിച്ചിരുന്ന പ്രതിലോമകരമായ നടപടികൾ അവസാനിപ്പിക്കുമെന്നും ഇറാൻ അധികൃതർ ഉറപ്പു നൽകി.