റിയാദ്:മാമ്പഴം ഉൽപാദനത്തിൽ രാജ്യം 66 ശതമാനം സ്വയം പര്യാപ്തത കൈവരിച്ചിട്ടുണ്ടെന്നും പ്രതിവർഷം 88.6 ടൺ ഉൽപാദിപ്പിക്കുന്നുണ്ടെന്നും സൗദി കൃഷി പരിസ്ഥിതി ജലമന്ത്രാലയം അറിയിച്ചു.
ഉയർന്ന സാമ്പത്തിക ലാഭം നൽകുന്ന ഉഷ്ണമേഖലാ വിളകളിൽ പെട്ടതാണ് മാമ്പഴം. ജിസാൻ, മക്ക, അൽബാഹ, തബൂക്ക്, അസീർ, നജ്റാൻ, മദീന, കിഴക്കൻ പ്രവിശ്യ തുടങ്ങി വിവിധ പ്രവിശ്യകളിലായി 6880 ഹെക്ടർ പ്രദേശത്ത് മാമ്പഴകൃഷി നടക്കുന്നുണ്ട്. ടോമി അറ്റ്കിൻസ്, കേറ്റ്, കെന്റ്, അൽഫോൻസ്, സുക്കരി, ബട്ടർ, അൽഹിന്ദി, അൽഗ്ലെൻ, ലാൻഗ്ര, അൽജൂലി, സെന്റേഷൻ, ഡോൺ ക്ലാൻഡ്, അൽസമക്ക, ഉവൈസ്, തൈമൂർ, നവോമി, വലൻസിയ, ഉയൂവനുൽ മഹാ, അൽസൽ, പാമർ, തായ്, ബ്രെബോ എന്നിങ്ങനെ ഇരുപതോളം ഇനം മാമ്പഴങ്ങൾ സൗദിയിൽ കൃഷി ചെയ്യുന്നുണ്ട്.
മാമ്പഴ വിളയുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് സുസ്ഥിര ഗ്രാമീണ വികസന പരിപാടിയായ ‘റീഫ്’ വഴി മന്ത്രാലയം സജീവമായതോടെയാണ് ഉൽപാദനം വർധിച്ചത്. വിഷൻ 2030 ന്റെ ഭാഗമായി മാമ്പഴ ഉൽപാദനം ഉയർത്തുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് റീഫ് പദ്ധതി നടപ്പാക്കുന്നത്