റിയാദ്:എട്ടു വർഷമായി സംഘർഷത്തിന്റെ പിടിയിലമർന്ന യെമനിൽ ശാശ്വത വെടിനിർത്തൽ കരാർ സാധ്യമാക്കാൻ ശ്രമിച്ച് സൗദി, ഒമാൻ പ്രതിനിധികൾ അടങ്ങിയ സംഘം അടുത്തയാഴ്ച സൻആ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ശാശ്വത വെടിനിർത്തൽ കരാറിലെത്തിച്ചേർന്നിട്ടുണ്ട്. ഇതേ കുറിച്ച് ഏപ്രിൽ 20 ന് ആരംഭിക്കുന്ന ഈദുൽ ഫിത്ർ അവധിക്കു മുമ്പ് ബന്ധപ്പെട്ട കക്ഷികൾ പരസ്യപ്പെടുത്തിയേക്കും.
യെമനിലെ തുറമുഖങ്ങളും എയർപോർട്ടുകളും പൂർണ തോതിൽ തുറക്കൽ, സർക്കാർ ജീവനക്കാരുടെ വേതന വിതരണം, പുനർനിർമാണം, ഭരണമാറ്റം എന്നിവയിൽ ഊന്നിയാണ് സൗദി, ഒമാൻ സംഘം സൻആയിൽ ചർച്ചകൾ നടത്തുക. യെമൻ സംഘർഷത്തിന് പരിഹാരം കാണാനുള്ള സമഗ്ര സമാധാന പദ്ധതി യു.എൻ മേൽനോട്ടത്തിൽ തയാറാക്കിവരികയാണ്. സമ്പൂർണ വെടിനിർത്തൽ, മുഴുവൻ എയർപോർട്ടുകളും തുറമുഖങ്ങളും കരാതിർത്തി പോസ്റ്റുകളും തുറക്കൽ, സെൻട്രൽ ബാങ്ക് ലയനത്തിന് കമ്മിറ്റികൾ രൂപീകരിക്കൽ, തടവുകാരെയും ബന്ദികളെയും പരസ്പരം കൈമാറൽ, ഭരണമാറ്റത്തിനു മുന്നോടിയായി ഇടക്കാല ഭരണം എന്നിവ അടങ്ങിയ കരടു സമാധാന പദ്ധതിയാണ് യു.എൻ മേൽനോട്ടത്തിൽ തയാറാക്കുന്നത്.
ഗവൺമെന്റ് നേരിടുന്ന വെല്ലുവിളികളും ഇവക്ക് സാധ്യമായ പരിഹാരങ്ങളും സമാധാന പദ്ധതിയും വിശകലനം ചെയ്യാൻ യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ അംഗങ്ങൾ റിയാദിൽ തുടർച്ചയായി കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. സമാധാന പദ്ധതിയെ കുറിച്ച തങ്ങളുടെ കാഴ്ചപ്പാട് യെമൻ ഗവൺമെന്റ് ദിവസങ്ങൾക്കുള്ളിൽ യെമനിലേക്കുള്ള യു.എൻ ദൂതൻ ഹാൻസ് ഗ്രുൻഡ്ബെർഗിന് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. യെമനിൽ ശാശ്വത വെടിനിർത്തൽ നടപ്പാക്കാനും, സമഗ്രവും ശാശ്വതവുമായ സമാധാനത്തിനുള്ള ചർച്ചകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനുമുള്ള യെമൻ ഗവൺമെന്റിന്റെ സന്നദ്ധത യെമൻ പ്രസിഡന്റ് ഡോ. റശാദ് അൽഅലീമി നേരത്തെ അറിയിച്ചിരുന്നു.
യെമൻ സമാധാനം വിജയിപ്പിക്കാൻ ആവശ്യമായ പ്രാദേശിക, മേഖലാ, ആഗോള സാഹചര്യങ്ങൾ സൗദി അറേബ്യ ഒരുക്കിയതായി യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ അംഗം മേജർ ജനറൽ ഫറജ് സാലിമീൻ അൽബഹ്സനി പറഞ്ഞു. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും ഒപ്പുവെച്ച കരാർ യെമൻ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കും. യെമനിലെ സമാധാനം ലോക രാജ്യങ്ങൾക്കു മുഴുവൻ പ്രധാനമാണ്. അതുകൊണ്ടു തന്നെ സമാധാന പ്രക്രിയ സ്വീകരിക്കാൻ ഇറാനും അമേരിക്കയും യൂറോപ്പും റഷ്യയും മറ്റു രാജ്യങ്ങളും ഹൂത്തികൾക്കു മേൽ സമ്മർദം ചെലുത്തണം. സാമ്പത്തിക പ്രശ്നങ്ങളുടെ ഫലമായാണ് യുദ്ധങ്ങളും സംഘർഷങ്ങളും ഉടലെടുക്കുന്നത്. യെമൻ ജനതയിൽ ഭൂരിഭാഗവും ദാരിദ്ര്യരേഖക്കു താഴെയാണ് ജീവിക്കുന്നതെന്നും മേജർ ജനറൽ ഫറജ് സാലിമീൻ അൽബഹ്സനി പറഞ്ഞു.