ഹറം പരിധി വ്യക്തമാക്കി ഹജ്, ഉംറ മന്ത്രാലയം പുറത്തുവിട്ട മാപ്പ്.
മക്ക – വിശുദ്ധ ഹറം പരിധിയിൽ പെട്ട ഏതു മസ്ജിദുകളിൽ നമസ്‌കരിച്ചാലും ഹറമിൽ നമസ്‌കാരം നിർവഹിക്കുന്നതിന്റെ അതേ ശ്രേഷ്ഠതയും പുണ്യവും ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വടക്കു ഭാഗത്ത് അഞ്ചു കിലോമീറ്റർ ദൂരെ ഉമ്മുൽമുഅ്മിനീൻ ആയിശ മസ്ജിദ് വരെയും തെക്ക് ഹറമിൽ നിന്ന് 20 കിലോമീറ്റർ ദൂരെ അറഫ വരെയും ഹറം പരിധിയിൽ പെടുന്ന സ്ഥലങ്ങളാണ്.
ഹറമിന്റെ പടിഞ്ഞാറു ഭാഗത്ത് 18 കിലോമീറ്റർ ദൂരെ അൽഹുദൈബിയ ഡിസ്ട്രിക്ട് വരെയും കിഴക്ക് 14.5 കിലോമീറ്റർ ദൂരെ ജഅ്‌റാന വരെയും ഹറം പരിധിയിൽ ഉൾപ്പെടുന്നു. ഹറം പരിധിയിലുള്ള സ്ഥലങ്ങളിൽ നായാട്ടും മരങ്ങളും ചെടികളും മുറിക്കലും മറ്റുള്ളവരിൽനിന്ന് നഷ്ടപ്പെട്ടുപോയ വസ്തുക്കൾ എടുക്കലും നിഷിദ്ധമാണ്. വിശുദ്ധ ഹറമിൽ മാത്രമല്ല, ഹറമിന്റെ വിശാലമായ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ പെട്ട മസ്ജിദുകളിൽ ശാന്തമായും സുഖകരമായും നമസ്‌കാരങ്ങൾ നിർവഹിക്കുന്ന തീർഥാടകർക്ക് ഹജ്, ഉംറ മന്ത്രാലയം നന്ദി പറഞ്ഞു.