ദോഹ- ഖത്തറിൽ വാഹനങ്ങളുടെ സ്പെഷ്യൽ നമ്പറുകൾക്കുവേണ്ടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തുന്ന 14-ാമത് ഇലക്ട്രോണിക് ലേലം ഇന്നലെ ആരംഭിച്ചു. ലേലം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ തുടരും.
ലേലത്തിലെ പ്രത്യേക നമ്പർ പ്ലേറ്റുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ച് രണ്ടിനും വെവ്വേറെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നിശ്ചയിച്ചതായി മന്ത്രാലയം അറിയിച്ചു. ആദ്യ ഗ്രൂപ്പിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 10,000 റിയാലും രണ്ടാമത്തെ ഗ്രൂപ്പിന് 5,000 റിയാലുമാണ്.
877777, 889888 എന്നിങ്ങനെയുള്ള ചില നമ്പറുകളുടെ പ്രാരംഭ വില രണ്ട് ലക്ഷം റിയാലാണ്. അതേസമയം 320320, 304040 തുടങ്ങിയ നമ്പറുകളുടെ ലേലം 50,000 റിയാലിൽ ആരംഭിക്കുന്നു. അവസാന കാൽ മണിക്കൂറിനുള്ളിൽ വിലപേശൽ നടന്നാൽ ലേലം ചെയ്ത നമ്പറിന് മാത്രം സമയം 15 മിനിറ്റ് കൂടി നീട്ടും. അവസാനത്തെ ലേലത്തിന്റെ അവസാന കാൽ മണിക്കൂർ വരെ നടപടിക്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
ലേലത്തിൽ വിജയിക്കുന്ന വ്യക്തിയോ ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം വിളിച്ചയാളോ പരമാവധി നാല് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ബന്ധപ്പെടണം. ലേലം വിളിക്കുന്നയാൾ പണമടയ്ക്കാതിരുന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുകിട്ടില്ല.
ഒരു ബിഡ്ഡർ ഒന്നിലധികം പ്രത്യേക നമ്പറുകൾ നേടിയാൽ, നേടിയ എല്ലാ പ്രത്യേക നമ്പറുകൾക്കുമുള്ള പേയ്മെന്റ് പൂർത്തിയാകുന്നതുവരെ അവയൊന്നും അനുവദിക്കില്ല. ക്രെഡിറ്റ് കാർഡ് വഴിയോ ചെക്ക് വഴിയോ പണമടയ്ക്കാം. നിർദിഷ്ട നമ്പറിനായി ഏറ്റവും ഉയർന്ന തുകയ്ക്ക് ലേലം വിളിക്കുന്നയാൾ അതേ വിഭാഗത്തിൽ മറ്റൊരു നമ്പറിനായി ലേലം വിളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ അധിക സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി