ദോഹ- ഖത്തറിൽ കടബാധ്യത കൊണ്ട് വിഷമിക്കുന്ന നൂറു പേരുടെ ബാധ്യത തീർക്കാനൊരുങ്ങി ഖത്തർ ചാരിറ്റി. ഖത്തർ ചാരിറ്റിയുടെ ‘അൽ അഖ്‌റബൂൻ’ പ്ലാറ്റ്‌ഫോമിലൂടെയാണ് 98 മില്യനിലധികം വരുന്ന കടബാധ്യത വീട്ടാൻ ഒരുങ്ങുന്നത്. ഖത്തർ ചാരിറ്റിയുടെ റമദാൻ: നിങ്ങളുടെ അടയാളം അവശേഷിപ്പിക്കുക എന്ന കാമ്പയിന്റെ ഭാഗമായാണിത്.
ഖത്തരി സമൂഹത്തെ സേവിക്കുന്നതിനും സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനത്തിന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. ഖത്തർ ചാരിറ്റി നിലവിൽ 46 കേസുകളുള്ള ആദ്യ ബാച്ച് കടക്കാരുടെ കടം വീട്ടാൻ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തുകയാണ്, അവരുടെ കടങ്ങൾ 80 മില്യണിലധികം വരും. തുടർന്ന്, 18 മില്യൺ റിയാൽ കടബാധ്യതയുള്ള 54 കേസുകൾ അടങ്ങുന്ന രണ്ടാമത്തെ ബാച്ചിന് പണം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
വിശുദ്ധ മാസാവസാനത്തിനും ഈദുൽ ഫിത്തറിന്റെ വരവിനും മുമ്പായി, ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കുന്നത് സുഗമമാക്കുന്നതിന് ഖത്തർ ചാരിറ്റി അതിന്റെ ‘അൽ അഖ്‌റബൂൻ’ ആപ്പിനുള്ളിൽ ഒരു ഐക്കൺ അനുവദിച്ചിട്ടുണ്ട്. കടങ്ങൾ അടയ്ക്കുന്നതിനുള്ള തയാറെടുപ്പിനും കേസുകൾ വിശകലനം ചെയ്യുന്നതിനുമായി അതിന്റെ ഇലക്ട്രോണിക് പോർട്ടലിനുള്ളിൽ ഒരു പ്രത്യേക സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കടബാധ്യതയുള്ളവർക്ക് അവരുടെ കേസുകൾ പഠിക്കാനും കാലാനുസൃതമായി തീരുമാനമെടുക്കാനും ഒരു പ്രത്യേക കമ്മിറ്റിയുമുണ്ട്