മക്ക- കനത്ത മഴയും കാറ്റും വരാൻ സാധ്യതയുള്ളതിനാൽ മക്ക പ്രവിശ്യയിലുള്ളവർ നാളെ(വ്യാഴം)മുതൽ ഞായർ വരെ ജാഗ്രത പാലിക്കണമെന്ന് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് മുന്നറിയിപ്പ് നൽകി. പേമാരിക്ക് സാധ്യതയുള്ളതിനാൽ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശത്തെ ഗവർണറേറ്റുകൾ മുന്നറിയിപ്പ് സന്ദേശം നൽകിയത്. വ്യാഴാഴ്ച മുതൽ അടുത്ത ഞായറാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
സൗദിയിലെ വിവിധ പ്രവിശ്യകളിൽ ഞായറാഴ്ച വരെ ഇടിയോടു കൂടിയുള്ള മഴക്കു സാധ്യതയെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസീർ, ജീസാൻ,അൽ ബാഹ,നജ്‌റാൻ,മക്ക പ്രവിശ്യകളിൽ നാളെ(വ്യാഴം) വൈകിട്ടോടെ താരതമ്യേന ചെറിയ തോതിലുള്ള മഴയും പൊടിക്കാറ്റുമുണ്ടായേക്കും. വെള്ളിയാഴ്ച മുതൽ ശക്തമായാക്കാവുന്ന മഴ ഞായറാഴ്ച വരെ തുടരും. റിയാദ്, അൽഖസീം, മദീന, ഹായിൽ, തുടങ്ങിയ പ്രദേശങ്ങളിലും സമാന സാഹചര്യം തന്നെയായിരിക്കും. കിഴക്കൻ പ്രവിശ്യയിൽ ചെറിയ തോതിലുള്ള മഴക്കും പൊടിക്കാറ്റിനുമുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അടുത്തയാഴ്ച വരെ കാലാവസ്ഥ വ്യതിയാനം തുടർന്നേക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു