റിയാദ് – ഹജുമായി ബന്ധപ്പെട്ട വാക്‌സിനുകൾ സൗദിയിലെ മുഴുവൻ ഹെൽത്ത് സെന്ററുകളിലും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വാക്‌സിനുകൾ സ്വീകരിക്കാൻ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതില്ല. ഹെൽത്ത് സെന്ററുകളെ നേരിട്ട് സമീപിച്ച് വാക്‌സിനുകൾ സ്വീകരിക്കാവുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, വിശുദ്ധ റമദാനിലെ ആദ്യ പത്തിൽ മദീനയിൽ 16,271 ഉംറ തീർഥാടകർക്കും സന്ദർശകർക്കും ആരോഗ്യ സേവനങ്ങൾ നൽകിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ പറഞ്ഞു. ഹറം ആശുപത്രിയിൽ 3,156 ഉം മസ്ജിദുന്നബവിക്കു സമീപമുള്ള അൽസ്വാഫിയ ഹെൽത്ത് സെന്ററിൽ 5,430 ഉം ബാബു ജിബ്‌രീൽ ഹെൽത്ത് സെന്ററിൽ 399 ഉം ഹറമൈൻ റെയിൽവെ സ്റ്റേഷൻ ഹെൽത്ത് സെന്ററിൽ 590 ഉം എയർപോർട്ട് ഹെൽത്ത് കൺട്രോൾ സെന്ററിൽ 6,696 ഉം പേർക്ക് പത്തു ദിവസത്തിനിടെ ആരോഗ്യ സേവനങ്ങൾ നൽകി.
റമദാനിൽ മദീനയിൽ ഒമ്പതു ആശുപത്രികളും 45 ഹെൽത്ത് സെന്ററുകളും വഴി തീർഥാടകർക്കും സന്ദർശകർക്കും ആരോഗ്യ സേവനങ്ങളും പരിചരണങ്ങളും നൽകാൻ മദീന ഹെൽത്ത് ക്ലസ്റ്റർ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഈ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും 12,412 ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു. മസ്ജിദുന്നബവി മുറ്റത്ത് രണ്ടു ഹെൽത്ത് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മസ്ജിദുന്നബവിക്കു സമീപമുള്ള അഞ്ചു ഹെൽത്ത് സെന്ററുകൾ ആഴ്ചയിൽ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നു.