റിയാദ് – രാജ്യത്ത് ആദ്യമായി സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തുടങ്ങി. ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിറിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി ഡോ. റുമൈഹ് അൽറുമൈഹ് സെൽഫ് ഡ്രൈവിംഗ് കാർ പരീക്ഷണം ഉദ്ഘാടനം ചെയ്തു. ആധുനിക ഗതാഗത സംവിധാനങ്ങൾ പ്രാപ്തമാക്കാനും അവലംബിക്കാനുമുള്ള ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരീക്ഷണം.
ആധുനിക ഗതാഗത ശൈലികൾ സ്വീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സെൽഫ് ഡ്രൈവിംഗ് വാഹനത്തിന്റെ പരീക്ഷണം ആരംഭിച്ചതെന്ന് ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. ഇതിലൂടെ ഗതാഗത, ലോജിസ്റ്റിക് മേഖലയിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനാണ് മന്ത്രാലയം ശ്രമിക്കുന്നത്. രാജ്യത്ത് ്സ്മാർട്ട് ഗതാഗത പരിഹാരങ്ങൾ നൽകാൻ ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രം അനുശാസിക്കുന്നു. വാഹനാപകടങ്ങളും അപകട മരണങ്ങളും കുറക്കാനും നഗരങ്ങൾക്കിടയിലും നഗരങ്ങൾക്കകത്തും യാത്രാ നിലവാരം മെച്ചപ്പെടുത്താനും പരിസ്ഥിതി സംരക്ഷണത്തിനും ഈ പദ്ധതി സഹായിക്കും.
സെൽഫ് ഡ്രൈവിംഗ് വാഹന നിയമങ്ങളുടെയും നിയമാവലികളുടെയും നിയമനിർമാണങ്ങളുടെയും ഭാവി വികസനത്തെ പിന്തുണക്കാൻ ലക്ഷ്യമിട്ടും സമൂഹത്തിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കാനും ലോജിസ്റ്റിക് സെന്ററുകളുടെ പ്രകടനം മെച്ചപ്പെടുത്താനും ശ്രമിച്ചും ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം നടത്തുന്ന ആദ്യ പരീക്ഷണമാണിത്. സെൽഫ് ഡ്രൈവിംഗ് വാഹനം പരീക്ഷിച്ചുനോക്കാൻ പൊതുസമൂഹത്തിന് അവസരമൊരുക്കുന്നുണ്ട്.
ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾക്ക് ദേശീയ റെഗുലേറ്ററി ചട്ടക്കൂട് വികസിപ്പിക്കാൻ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളോടനുബന്ധിച്ചാണ് സെൽഫ് ഡ്രൈവിംഗ് വാഹന പരീക്ഷണം ആരംഭിച്ചത്. ഉപയോക്താക്കളുടെ സുരക്ഷ, നടപടിക്രമങ്ങൾ എളുപ്പമാക്കൽ, നിക്ഷേപകരെ ആകർഷിക്കൽ എന്നീ ലക്ഷ്യങ്ങളോടെ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രമങ്ങൾ ഏകീകരിക്കാനും സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ പ്രാപ്തമാക്കുന്നതിന് ഉചിതമായ നിയന്ത്രണ ചട്ടക്കൂടുകൾ നിർവചിക്കാനും ദേശീയ റെഗുലേറ്ററി ചട്ടക്കൂട് വികസിപ്പിക്കുന്നതിലൂടെ ഉന്നമിടുന്നതായും ഡെപ്യൂട്ടി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു.