റിയാദ് – റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിൽ സ്ഥാപിക്കാൻ 90 ബഹുരാഷ്ട്ര കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. അടുത്ത വർഷം മുതൽ സർക്കാർ ടെണ്ടറുകൾ അനുവദിക്കുന്നത് സൗദിയിൽ റീജ്യനൽ ആസ്ഥാനങ്ങളുള്ള ബഹുരാഷ്ട്ര കമ്പനികളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം ആയിരക്കണക്കിന് സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പരിചയസമ്പത്ത് കൈമാറ്റത്തിനും വിജ്ഞാനങ്ങളുടെ പ്രാദേശികവൽക്കരണത്തിനും പ്രാദേശിക ഉള്ളടക്കങ്ങളുടെ വളർച്ചക്കും സൗദിയിലേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും സഹായിക്കും.
മേഖലയിൽ സൗദിയിലല്ലാതെ മറ്റു രാജ്യങ്ങളിൽ റീജ്യനൽ ആസ്ഥാനങ്ങളുള്ള വിദേശ കമ്പനികൾക്ക് സർക്കാർ പദ്ധതികളുടെ കരാറുകൾ അനുവദിക്കുന്നത് അടുത്ത വർഷാദ്യം മുതൽ നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ വകുപ്പുകൾക്കും ഏജൻസികൾക്കും ഇവക്കു കീഴിലെ സർക്കാർ ഫണ്ടുകൾക്കും തീരുമാനം ബാധകമാണ്.