*ജിദ്ദ* : ബാച്ച്‌ലര്‍ മുറികളിലും ഫ്‌ളാറ്റുകളിലും ബലദിയയുടെ ശുചിത്വ പരിശോധന. മുറികള്‍ കയറി പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ വൃത്തിയില്ലായ്മക്ക് പിഴശിക്ഷ നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അണുനാശിനികളുമായാണ് സംഘം എത്തുന്നത്. ബാത്‌റൂമുകളിലും അടുക്കളയിലുമാണ് പ്രധാന പരിശോധന.
കഴിഞ്ഞ ദിവസം ജിദ്ദയിലെ വിവിധ ഡിസ്ട്രിക്ടുകളില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ താമസസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഉപദേശിച്ചു. ബാച്ച്‌ലര്‍ മുറികളിലാണ് അകത്തുകയറിയുള്ള പരിശോധന. കുടുംബമായി താമസിക്കുന്ന മുറികളില്‍ പുറത്തുനിന്ന് വിവരങ്ങള്‍ ചോദിച്ചറിയുകയും ശുചിത്വം പാലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു.
മുറികളില്‍ സാധനങ്ങള്‍ കുന്നുകൂട്ടിയിടുന്നതും, അടുക്കളയില്‍ കീടങ്ങളും പ്രാണികളുമുണ്ടോ എന്ന് പരിശോധിക്കുന്നതും റെയ്ഡിന്റെ ഭാഗമാണ്. ടോയ്‌ലറ്റുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിലും പണികിട്ടും. ആരോഗ്യകരമായ താമസം ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ ആദ്യതവണ മുന്നറിയിപ്പ് നല്‍കി മടങ്ങുകയാണ്. വിവരങ്ങള്‍ രേഖപ്പെടുത്തുന്നുമുണ്ട്. ശുചിത്വമില്ലായ്മ തുടര്‍ന്നാല്‍ പിഴ അടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കുന്നു.
➖