മക്ക- ഉംറ സീസൺ പദ്ധതിയുടെ ഭാഗമായി ട്രാഫിക് ഡയറ്കടറേറ്റ് മക്കയിൽ പതിനൊന്നു പാർക്കിംഗുകൾ നിർണയിച്ചു. ഇതിൽ അഞ്ചെണ്ണം നഗരത്തിന് പുറത്തും ആറെണ്ണം നഗരത്തിനകത്തുമാണ്. മക്കക്ക് പുറത്തു നിന്ന് വരുന്ന തീർഥാടകരുടെ കാറുകൾ നിർത്താൻ നഗരത്തിന്റെ പ്രവേശന കവാടങ്ങളിൽ അഞ്ചു പാർക്കിംഗുകൾ സജ്ജീകരിച്ചിട്ടുണ്ട്. അൽശറായിഅ്, അൽഹദ, അൽനൂരിയ, ജിദ്ദ എക്സ്പ്രസ്വേ (അൽസായിദി), ലൈത്ത് എന്നീ പാർക്കിംഗുകളാണ് നഗരത്തിനു പുറത്തുള്ളത്. ജംറ, അമീർ മിത്അബ്, കുദയ്, അൽസാഹിർ, അൽറസീഫ, ദഖ്മുൽവബ്ർ എന്നീ പാർക്കിംഗുകളാണ് നഗരത്തിനകത്തുള്ളത്.
അനുയോജ്യമായ പാർക്കിംഗുകളും റോഡുകളും തെരഞ്ഞെടുത്ത് തീർഥാടകരും സന്ദർശകരും വാഹനങ്ങൾ പാർക്ക് ചെയ്ത് ഹറമിലേക്ക് പോകാൻ ബസുകളും ബസ് ഷട്ടിൽ സർവീസുകളും പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് ഡയറ്കടറേറ്റ് ആവശ്യപ്പെട്ടു. പാർക്കിംഗുകളിൽ നിന്ന് ഹറമിലേക്കും തിരിച്ചും റമദാനിൽ ഇരുപത്തിനാലു മണിക്കൂറും ബസ് സർവീസുകളുണ്ട്. തീർഥാടകരുടെ വാഹനങ്ങൾ പാർക്കിംഗുകളിലേക്ക് തിരിച്ചുവിടാൻ പ്രധാന റോഡുകളിൽ സോർട്ടിംഗ്, നിയന്ത്രണ പോയിന്റുകൾ ട്രാഫിക് ഡയറക്ടറേറ്റ് സ്ഥാപിച്ചിട്ടുണ്ട്.