ജിദ്ദ കോർണീഷിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുന്നു.
ജിദ്ദ-കോർണിഷിൽ നിമവിരുദ്ധമായി പൊതു സ്ഥലം കയ്യേറി രാജകുടുംബാംഗങ്ങളും മുൻമന്ത്രിമാരും വ്യവസായ പ്രമുഖരും കൈവശപ്പെടുത്തിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചു. കഴഞ്ഞ ദിവസം സൗദി സുപ്രീം കോടതി ജിദ്ദ കോർണീഷിലെ നൂറ്റിപത്തോളം ഭൂമികളുടെ പട്ടയം ക്യാൻസൽ ചെയ്ത് അന്തിമ വിധി പുറപ്പെടുവിച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടിയാരംഭിച്ചത്. ജിദ്ദ കോർണിഷിൽ 110 റിയൽ എസ്‌റ്റേറ്റുകളുടെ പട്ടയവും ഉടമസ്ഥാവകാശവും റദ്ദാക്കി സൗദി സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. രാജകുടുംബാംഗങ്ങളും ഉന്നത വ്യവസായികളും മുൻമന്ത്രിമാരും നിയമ വിരുദ്ധമായി കൈവശം വെച്ചു വരുന്നവയോ സർക്കാർ ഡിപ്പാർട്ടുമെന്റുകൾ നിലനിൽക്കുന്നവയോ ആണ് ഉടമസ്ഥാവകാശം റദ്ദാക്കിയ ഭൂമികളെല്ലാം.അബദ്ധവശാൽ ഇത്തരം സ്ഥലങ്ങൾ വിലയ്ക്കു വാങ്ങി കൈവശം വെച്ചവർക്ക് പ്രതിസന്ധിയുണ്ടാകാത്ത തരത്തിലാണ് കോടതി വിധി. കോർണിഷിൽ കാലങ്ങളായി നടന്ന റിയൽ എസ്‌റ്റേറ്റ് ഇടപാടുകളുടെ രേഖകളും പട്ടയങ്ങളും രണ്ടു വർഷമെടുത്ത് വിശദമായി പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതി വിധി. കോർണിഷിലെ നിരവധി ഭൂമിയിടപാടുകളെ കുറിച്ചും അവയുടെ പട്ടയങ്ങളെ കുറിച്ചും പരിശോധനകൾ നടന്നു വരികയാണെന്നും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് കണ്ടെത്തിയാൽ അവയ്ക്കും ഇതേ വിധി തന്നെയായിരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിൽ പറയുന്നു.
വിവിധ പ്രവിശ്യകളിൽ നിയമവിരുദ്ധമായി സർക്കാർ ഭൂമികളും പുറമ്പോക്കുകളും കൈവശപ്പെടുത്തിയവരെ കണ്ടെത്തി പട്ടയങ്ങൾ റദ്ദാക്കുന്ന നിരവധി കോടതി വിധികളാണ് ഏതാനും വർഷങ്ങളായി റിയൽ എസ്‌റ്റേറ്റ് മേഖലയിലെ ചർച്ചാ വിഷയം. വ്യാജരേഖകൾ സംഘടിപ്പിച്ചു സ്വായത്തമാക്കിയവയും രേഖകളിൽ കൃത്രിമം കാണിച്ച് ലക്ഷക്കണക്കിനു ചതുരശ്ര മീറ്റർ ഭൂമികൾ കൂട്ടിച്ചേർത്തവയും നിരവധി സ്ഥലങ്ങളിൽ പിടിക്കപ്പെട്ടിട്ടുണ്ട്. അവധി ദിനമായ റമദാൻ 27ന് പോലും ഭൂമി രജിസ്റ്റർ ചെയ്തതായി ശ്രദ്ധയിൽ പെട്ടതോടെ വിശദ പരിശോധനക്കു വിധേയമാക്കിയപ്പോൾ കണ്ടെത്തിയ വ്യാജരേഖാ നിർമാണങ്ങൾ വരെ കണ്ടെത്തിയ കേസുകളിലുണ്ട്