റിയാദ്- ശൈത്യകാലം അവസാനിച്ച് വേനൽ മഴയുടെ കടന്നുവരവോടെ മരുഭൂമികളിൽ പാമ്പുകളുടെ സീസണായെന്ന് വിദഗ്ധർ. പാമ്പുകളുടെ നിരവധി വീഡിയോകളാണ് ദിനേന സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ നിറയുന്നതെന്നും മരുഭൂമികളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.
തീരപ്രദേശങ്ങളിലും തെക്ക് പടിഞ്ഞാർ പ്രവിശ്യകളിലും താപനില ഉയർന്നുവരികയാണെന്നും ഇക്കാലത്ത് പാമ്പുകൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് പതിവാണെന്നും സൗദിയിലെ പാമ്പ് ഗവേഷകൻ നായിഫ് അൽമാലികി വ്യക്തമാക്കി. ഭൂമിയുടെ അന്തർഭാഗത്ത് ചൂടു കൂടുന്നതനുസരിച്ച് പാമ്പുകളും പ്രാണികളും പറത്തിറങ്ങും. റമദാൻ നോമ്പ് സീസണിൽ ഭക്ഷ്യവസ്തുക്കളുടെ അഭാവം നേരിടുന്നതോടെ ഇവ കൂടുതൽ ശക്തമായി ഭക്ഷണം തേടാൻ പുറത്തിറങ്ങും.
കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴ കാരണം മലയോര പ്രദേശങ്ങളിൽ നിന്നും മറ്റും പാമ്പുകളും ക്ഷുദ്ര ജീവികളും ഒഴുക്കിൽ പെട്ട് കൃഷി സ്ഥലങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും എത്തിയിട്ടുണ്ട്. എല്ലാ വേനൽമഴകളിലും ഇത് സംഭവിക്കാറുണ്ട്. ഇങ്ങനെ ഒഴുകിയെത്തുന്ന പാമ്പുകൾ കൂടുതൽ വിഷമുള്ളവയായിരിക്കും. അതിനാൽ അവ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കണം. വെള്ളപ്പാച്ചിൽ കാണാൻ മലയോര പ്രദേശങ്ങളിലേക്ക് പോകുന്നവർ മറഞ്ഞിരിക്കുന്ന പാമ്പുകളെ സൂക്ഷിക്കണം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ അവ വളരെ വേഗം നമ്മുടെ അടുത്തെത്തും.
വീടിന്റെ ഭിത്തിയോട് ചേർന്ന് നിൽക്കുന്ന മരങ്ങൾ വെട്ടിയൊതുക്കണമെന്നും നിലത്ത് വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്നും വെള്ളച്ചോർച്ച അടക്കണമെന്നും കാബിളുകളുടെയും മറ്റുമുള്ള മാളങ്ങൾ അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി അറേബ്യയിൽ ഉഗ്രവിഷമുള്ളത്, ഇടത്തരം വിഷമുള്ളത്, തീരെ വിഷമില്ലാത്തത് എന്നീ ഗണത്തിൽ പെട്ട 56 ഇനം പാമ്പുകളുണ്ട്. ഭൂഘടനക്കനുസരിച്ചാണ് ഇവയുടെ വാസം. ഉഗ്രവിഷമുള്ള ഉമ്മുജുനൈബ്, കരിമൂർഖൻ എന്നിവ മരുഭൂമിയിലെ മണൽ തിട്ടകളിലാണ് കാണപ്പെടുന്നത്. ഇടത്തരം വിഷമുള്ള ചില തരം മൂർഖനുകളും വിഷമില്ലാത്ത പാമ്പുകളും മണലുകളിൽ ജീവിക്കുന്നുണ്ട്. മാരക വിഷമുള്ള അണലികളും മറ്റും പുല്ല് നിറഞ്ഞ സമതലങ്ങളിലും മലയോരങ്ങളിലും കണ്ടുവരുന്നു. അറേബ്യൻ മൂർഖൻ, ചേനത്തണ്ടൻ അടക്കമുള്ള ചില തരം പാമ്പുകളെ മലകളിലും കണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.