റിയാദ്- നാണയ രൂപത്തിൽ കളിപ്പാട്ടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ലിഥിയം ബാറ്ററികൾ കുട്ടികൾക്ക് അപകടകാരികളാണെന്ന് സാസോ (സൗദി സ്റ്റാൻഡേർഡ്‌സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ) മുന്നറിയിപ്പ് നൽകി. മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ഏറ്റവും വലിയ ഭീഷണി. നിങ്ങളുടെ കുട്ടികൾ അടുത്ത ഇരകളാകരുത്. അവരത് വിഴുങ്ങാൻ സാധ്യതയുണ്ട്. മരണത്തിന് വരെ കാരണമാകും þ-സാസോ വക്താവ് എൻജിനീയർ വാഇയിൽ അൽദിയാബ് പറഞ്ഞു.
ബാറ്ററികൾ കുട്ടികൾക്ക് എടുക്കാൻ കഴിയാത്തവിധം കളിപ്പാട്ടങ്ങൾക്കുള്ളിൽ ഘടിപ്പിച്ചതായിരിക്കും. എന്നാൽ ബാറ്ററികൾ മാറ്റുമ്പോൾ അത് കുട്ടികൾക്ക് എടുക്കാൻ കഴിയാത്ത വിധം സൂക്ഷിക്കണം.
കളിപ്പാട്ടങ്ങളിലെ കാന്തക്കട്ടകൾ അടക്കം ചെറിയ കുട്ടികൾ വിഴുങ്ങുന്ന കേസുകളുണ്ടെന്നും അത് അവരുടെ ഇളം ആമാശയ ഭിത്തികളെ നശിപ്പിക്കുമെന്നും കിംഗ് സൗദ് ആശുപത്രിയിലെ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ് ഡോ. അബ്ദുല്ല അൽശഹ്‌റി പറഞ്ഞു. ഇത്തരം കാന്തിക കട്ടകൾ വിഴുങ്ങിയ ഒരു കുട്ടിയെ അടുത്തിടെ ആശുപത്രിയിലെത്തിച്ചുവെന്നും പരിശോധനയിൽ ആമാശയത്തിൽ ധാരാളം ചെറിയ കാന്ത കട്ടകൾ കണ്ടെത്തിയെന്നും ആമാശയത്തിന്റെ വലിയൊരു ഭാഗം മുറിച്ചുമാറ്റേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ബാറ്ററികളും മറ്റു ഘടകങ്ങളും കളിപ്പാട്ടങ്ങളിൽ കൃത്യമായി ഉൾഭാഗങ്ങളിൽ ക്രമീകരിക്കണമെന്നതാണ് സാസോയുടെ വ്യവസ്ഥ.