റിയാദ് : സൗദി അറേബ്യയില്‍ നേരത്തെ ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജിന് അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഏപ്രില്‍ ഒന്ന് (റമദാന്‍ 10) മുതലാണ് ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കാനുള്ള അവസരം തുടങ്ങുക. നിലവില്‍ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ഇതുവരെ സൗദി അറേബ്യയില്‍ വെച്ച് ഹജ്ജ് ചെയ്യാത്തവര്‍ക്ക് മാത്രമേയുള്ളൂ. ഈ നിബന്ധന റമദാന്‍ പത്തോടെ അവസാനിക്കും.
റമദാന്‍ 11 മുതല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമോ അതിന് മുമ്പോ ഹജ്ജ് ചെയ്തവര്‍ക്കും അപേക്ഷിക്കാമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ടെന്റുകളിലും മറ്റ് താമസ സ്ഥലങ്ങളിലുമുള്ള സൗകര്യത്തിനനുസരിച്ച് മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. കഴിഞ്ഞ ജനുവരി അഞ്ചു മുതലാണ് സൗദി അറേബ്യയിലുള്ളവര്‍ക്ക് നുസ്‌ക് ആപ്ലിക്കേഷന്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഹജ്ജിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സൗദിയില്‍ വെച്ച് ഇതുവരെ ഹജ്ജ് ചെയ്യാത്തവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നത്.