NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി. BY GULF MALAYALAM NEWS March 15, 2023 0 Comments 269 Views ഷാര്‍ജ: ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകള്‍ക്ക് 2023 – 24 അക്കാദമിക വര്‍ഷത്തില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി. പരമാവധി അഞ്ച് ശതമാനം വരെ ഫീസ് വര്‍ദ്ധനവിനാണ് തിങ്കളാഴ്ച ഷാര്‍ജ പ്രൈവറ്റ് എജ്യൂക്കേഷന്‍ അതോറിറ്റി അനുമതി നല്‍കിയത്. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിഭവശേഷിയും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഫീസ് വര്‍ദ്ധനവിന് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.എമിറേറ്റിലെ സ്‍കൂളുകളുടെ അക്കാദമിക പരിശോധനാ റിപ്പോര്‍ട്ടും നിലവില്‍ യുഎഇയിലുള്ള പണപ്പെരുപ്പവും പരിഗണിച്ചാണ് ഫീസ് വര്‍ദ്ധനവ് അനുവദിച്ചത്. എന്നാല്‍ ഏറ്റവും ഒടുവിലത്തെ പരിശോധനാ റിപ്പോര്‍ട്ടില്‍ അക്സെപ്റ്റബിള്‍ കാറ്റഗറിക്ക് താഴെയുള്ള സ്‍കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം ദുബൈയിലെ സ്‍കൂളുകള്‍ക്കും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. ദുബൈയിലെ സ്വകാര്യ സ്കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിക്കും. ട്യൂഷന്‍ ഫീസില്‍ മൂന്ന് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ദ്ധനവ് വരുത്താന്‍ ദുബൈയിലെ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അനുമതി നല്‍കി. നേരത്തെയുണ്ടായിരുന്ന അതേ റേറ്റിങ് തന്നെ നിലനിര്‍ത്തിയിട്ടുള്ള സ്‍കൂളുകള്‍ക്ക് മൂന്ന് ശതമാനം ഫീസ് വര്‍ദ്ധിപ്പിക്കാം. അതേസമയം വെരി വീക്ക് കാറ്റഗറിയില്‍ നിന്ന് വീക്ക് കാറ്റഗറിയിലേക്ക് മാറിയ സ്‍കൂളുകള്‍ക്കും വീക്ക് കാറ്റഗറിയില്‍ നിന്ന് അക്സെപ്റ്റബിള്‍ കാറ്റഗറിയിലേക്ക് മാറിയ സ്‍കൂളുകള്‍ക്കും, അക്സെപ്റ്റബിള്‍ കാറ്റഗറിയില്‍ നിന്ന് ഗുഡ് കാറ്റഗറിയിലേക്ക് മാറിയ സ്‍കൂളുകള്‍ക്കും ആറ് ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പാക്കാം.ഗുഡ് കാറ്റഗറിയില്‍ നിന്ന് വെരി ഗുഡ് കാറ്റഗറിയിലേക്ക് മാറിയ സ്‍കൂളുകള്‍ക്ക് 5.25 ശതമാനം വരെയാണ് ഫീസ് കൂട്ടാനാവുക. വെരിഗുഡ് കാറ്റഗറിയില്‍ നിന്ന് ഔട്ട്‍സ്റ്റാന്റിങ് കാറ്റഗറിയിലേക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തിയ സ്‍കൂളുകള്‍ക്ക് 4.5 ശതമാനം ഫീസ് വര്‍ദ്ധനവിനാണ് അനുമതിയുള്ളത്. അതേസമയം സ്‍കൂള്‍ ഫീസ് വര്‍ദ്ധനവ് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക