മക്ക – വിശുദ്ധ ഹറമിൽ ഖുർആൻ പഠിപ്പിക്കാൻ 130 ലേറെ അധ്യാപകരെ ഹറംകാര്യ വകുപ്പ് ചുമതലപ്പെടുത്തി. ഖുർആൻ പഠിപ്പിക്കാൻ നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുന്നുണ്ട്. വിദൂര പഠനത്തിലൂടെ ഖുർആൻ പാരായണം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കു വേണ്ടി ഹറമിനകത്തുനിന്ന് ഖുർആൻ സംപ്രേഷണം ചെയ്യുന്നുമുണ്ട്. ലോകത്തെങ്ങുനിന്നും വിശുദ്ധ ഹറമിലെത്തുന്ന ദശലക്ഷക്കണക്കിന് തീർഥാടകർക്കും വിശ്വാസികൾക്കും ഈ സേവനം പ്രയോജനപ്പെടുന്നു.
ബ്രെയിൽ ലിപിയിലുള്ള ഖുർആൻ കോപ്പികളും, വിവിധ ഭാഷകളിലുള്ള ഖുർആൻ വിവർത്തനങ്ങളും, ഖുർആൻ വ്യാഖ്യാനങ്ങളും, വലിയ വലിപ്പത്തിലുള്ള മുസ്ഹഫ് കോപ്പികളും ഹറമിൽ ലഭ്യമാണ്. മതപഠന ക്ലാസുകളും മതവിധി സേവനങ്ങളും ഹറംകാര്യ വകുപ്പ് നൽകുന്നുണ്ട്.
വിശുദ്ധ ഹറമിന്റെ 17 പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും ഉംറയെയും സിയാറത്തിനെയും മറ്റു മതകാര്യങ്ങളെയും കുറിച്ച മതവിധികൾ നൽകാൻ ഹറംകാര്യ വകുപ്പ് പണ്ഡിതരെ നിയോഗിച്ചിട്ടുണ്ട്. മതവിധികൾക്ക് അവലംബിക്കാവുന്ന 23 ടോൾഫ്രീ കാബിനുകളും ഏർപ്പെടുത്തി. ഫോൺ വഴി ലഭിക്കുന്ന അന്വേഷണങ്ങൾക്ക് മറുപടികൾ നൽകാൻ അഞ്ചു ഓഫീസുകളും സജ്ജീകരിച്ചിട്ടുണ്ട്. വിശ്വാസികളുടെ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടികൾ നൽകാൻ 70 ലേറെ പണ്ഡിതർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
പ്രായാധിക്യം ചെന്നവരും രോഗികളും വികലാംഗരും അടക്കമുള്ളവരുടെ ഉപയോഗത്തിന് വിശുദ്ധ ഹറമിൽ ഒമ്പതിനായിരത്തിലേറെ വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളുമുണ്ട്. ഹറമിൽ എത്തുന്നതിനു മുമ്പായി തനഖുൽ ആപ്പ് വഴി വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ബുക്ക് ചെയ്യാൻ സാധിക്കും.