ദമാം: തെറ്റായ വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.കിഴക്കൻ സഊദിയിലെ അൽ ഖോബാറിൽ ആണ് സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തത്.
സൈബർ കുറ്റകൃത്യ നിയന്ത്രണ സംവിധാനത്തിന്റെ ലംഘനമാണ് ഇയാൾ നടത്തിയത്. ദൃശ്യ ഉള്ളടക്കത്തിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ പൊതു സുരക്ഷയെ ബാധിക്കുന്നതാണെന്ന് പബ്ലിക് സെക്യൂരിറ്റി അതിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുകയും അയാൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു.
ആന്റി സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 3 അനുസരിച്ച്, ഇദ്ദേഹത്തിന് ഒരു വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഏതെങ്കിലും ഒന്നോ ലഭിച്ചേക്കും.
സമാനമായ ശിക്ഷ ലഭിക്കുന്ന സൈബർ ക്രൈമുകൾ വേറെയുമുണ്ട്. വിവര ശൃംഖലയിലൂടെയോ കമ്പ്യൂട്ടറിലൂടെയോ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങൾ അനുമതിയില്ലാതെ ചോർത്തൽ, പിടിച്ചെടുക്കൽ, തടസ്സപ്പെടുത്തൽ, ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനോ നിയമവിരുദ്ധമായ രീതിയിൽ പ്രവേശിക്കൽ, വെബ്‌സൈറ്റിന്റെ ഡിസൈനുകൾ മാറ്റുന്നതിനോ, നശിപ്പിക്കുന്നതിനോ, പരിഷ്‌ക്കരിക്കുന്നതിനോ അല്ലെങ്കിൽ അതിന്റെ വിലാസം കൈവശപ്പെടുത്തുന്നതിനോ ഒരു വെബ്‌സൈറ്റിലേക്ക് നുഴഞ്ഞു കയറുക, ക്യാമറകൾ ഘടിപ്പിച്ച മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്ത് സ്വകാര്യ ജീവിതത്തിൽ ലംഘിച്ച് കയറുക, വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയും അവർക്ക് ദോഷം വരുത്തുകയും ചെയ്യുക, എന്നീ സൈബർ കുറ്റങ്ങൾക്കും സമാനമായ ശിക്ഷ ലഭിക്കും.
തെറ്റായ വിവരങ്ങളുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
