റിയാദ് – കേടായതിനാലും ജീർണാവസ്ഥയിലായതിനാലും ദീർഘകാലമായി ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇത്തരം വാഹനങ്ങളുടെ പേരിൽ നേരത്തെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒഴിവാക്കപ്പെടില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴകൾ ഉടമകൾ അടക്കൽ നിർബന്ധമാണ്. ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടക്കാതെ വാഹനം രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കുമോയെന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫീസുകളും പിഴകളും കൂടാതെ ഇത്തരം വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ അനുവദിച്ച് പ്രഖ്യാപിച്ച സാവകാശം ദിവസങ്ങൾക്കു മുമ്പ് അവസാനിച്ചിരുന്നു. വാഹന രജിസ്‌ട്രേഷൻ (ഇസ്തിമാറ) പുതുക്കാനുള്ള ഫീസ്, ഇസ്തിമാറ പുതുക്കാത്തതിനുള്ള പിഴ എന്നിവ അടക്കമുള്ള ഫീസുകളും പിഴകളുമാണ് ഒഴിവാക്കി നൽകിയിരുന്നത്. ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം, പൊളിച്ച് ആക്രിയാക്കി മാറ്റുന്ന വർക്ക്‌ഷോപ്പുകളുടെയോ കംപ്രസ് ചെയ്ത് ആക്രിയാക്കി മാറ്റുന്ന സ്ഥാപനങ്ങളുടെയോ പേരിലേക്ക് മാറ്റുന്നവരെയാണ് പിഴകളിൽ നിന്നും ഫീസുകളിൽ നിന്നും ഒഴിവാക്കിയിരുന്നത്. ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ പിഴകളും ഫീസുകളും കൂടാതെ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സാവകാശം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാന പ്രകാരം വാഹനങ്ങൾ ഓൺലൈൻ ആയി രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ അവസരമൊരുക്കുന്ന സേവനം ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ ആരംഭിച്ചിരുന്നു.