*റിയാദ്* : സൗദി അറേബ്യയില്‍ വിസ കച്ചവടം നടത്തി വന്‍തുകയുടെ കൈകൂലി കേസില്‍ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരും ഒമ്പത് വിദേശികളും അറസ്റ്റില്‍. ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ച് നടത്തിയ വിസ കച്ചവട കൈകൂലി കേസില്‍ സൗദി ആഭ്യന്തരമന്ത്രാലയവും അഴിമതി വിരുദ്ധ സമിതിയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഏഴ് ബംഗ്ലാദേശികളടക്കം 13 പേര്‍ അറസ്റ്റിലായത്.
ബംഗ്ലാദേശിലെ സൗദി എംബസിയിലെ കോണ്‍സുലാര്‍ മേധാവിയും ഡെപ്യൂട്ടി അംബാസഡറുമായിരുന്ന അബ്ദുല്ല ഫലാഹ് മദ്ഹി അല്‍ശംരി, ഡെപ്യൂട്ടി കോണ്‍സുലാര്‍ ഖാലിദ് നാസര്‍ ആയിദ് അല്‍ഖഹ്താനി എന്നിവരാണ് അറസ്റ്റിലായ നയതന്ത്രപ്രതിനിധികള്‍. സൗദി അറേബ്യയില്‍ നിന്ന് തൊഴില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് വിവിധ ഘട്ടങ്ങളിലായി ഇവര്‍ 54 മില്യന്‍ റിയാല്‍ കൈപറ്റിയതായും അതിന്റെ ഒരു ഭാഗം സൗദിയില്‍ സ്വീകരിക്കുകയും ബാക്കി വിദേശത്ത് നിക്ഷേപിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
കേസില്‍ അറസ്റ്റിലായ ഫലസ്തീന്‍ പൗരനായ നിക്ഷേപകന്‍ സാലിഹ് മുഹമ്മദിന് വേണ്ടി 23 മില്യന്‍ റിയാല്‍ ബാധ്യതാപത്രത്തില്‍ ഒപ്പുവെക്കാന്‍ വിദേശികളിലൊരാളെ നിര്‍ബന്ധിപ്പിച്ചതിനാണ് റിയാദ് പോലീസിലെ മിത്അബ് സഅദ് ആല്‍ ഗനൂം, ഹാതിം മസ്തൂര്‍ ബിന്‍ തയ്യിബ് എന്നിവര്‍ അറസ്റ്റിലായത്. ഇതിന് നിക്ഷേപകനില്‍ നിന്ന് ഇവര്‍ 60000 റിയാല്‍ കൈകൂലിയായി കൈപറ്റിയിരുന്നു.
ബംഗ്ലാദേശിലെ റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമയും സൗദിയില്‍ താമസക്കാരനുമായ മുഹമ്മദ് നാസിറുദ്ദീന്‍, സൈദ് യൂ സൈദ് മുഫീ, അബുല്‍ കലാം മുഹമ്മദ്, അശറഫുദ്ദീന്‍, മുഗീര്‍ ഹുസൈന്‍ ഖാന്‍, ശഫീഖുല്‍ ഇസ്ലാം, അബ്ദുല്‍ അസീസ് സന്ദര്‍ശകവിസയില്‍ സൗദിയിലുള്ള അമീന്‍ ഖാന്‍ എന്നിവരാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിസ കച്ചവടം നടത്തിയിരുന്നത്. സൗദിയില്‍ ഇവരുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ 20,180,000 റിയാലും കരകൗശല വസ്തുക്കളും സ്വര്‍ണ ബിസ്‌കറ്റുകളും ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു. സൗദിയില്‍ ലേബര്‍ വിസകച്ചവടം വഴി ഇവര്‍ക്ക് ലഭിച്ച സമ്പത്താണിത്. ഇതിന് പുറമെ പണം വിദേശത്തേക്ക് കടത്തുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
പൊതുപണം കയ്യേറുകയോ പദവി ചൂഷണം ചെയ്യുകയോ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്താല്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് അഴിമതി നിരോധന സമിതി വ്യക്തമാക്കി.