റിയാദിലെ മണിഎക്‌സ്‌ചേഞ്ച് സെന്ററിൽ സ്വദേശങ്ങളിലേക്ക് പണമയക്കാൻ ക്യൂ നിൽക്കുന്ന വിദേശികൾ.
റിയാദ് – സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ ജനുവരിയിൽ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 16 ശതമാനം കുറവ് രേഖപ്പെടുത്തി. ജനുവരിയിൽ 1,052 കോടി റിയാൽ (268 കോടി ഡോളർ) ആണ് ബാങ്കുകളും മണിഎക്‌സ്‌ചേഞ്ചുകളും വഴി വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ കൊല്ലം ജനുവരിയിൽ വിദേശികൾ 1,252 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു.
തുടർച്ചയായി ഏഴാം മാസമാണ് വിദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തുന്നത്. സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ പ്രകാരം ആദ്യമായാണ് ഇത്രയും ദീർഘകാലം വിദേശികളുടെ റെമിറ്റൻസ് തുടർച്ചയായി കുറയുന്നത്. നിയമാനുസൃത മാർഗങ്ങളിൽ വിദേശികൾ അയച്ച പണം ഡിബംസറിൽ ഒമ്പതു ശതമാനവും നവംബറിൽ 18.9 ശതമാനവും തോതിൽ കുറഞ്ഞിരുന്നു. 2019 മെയ് മാസത്തിനു ശേഷം റെമിറ്റൻസിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവായിരുന്നു നവംബറിലേത്.
ഇക്കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വിദേശികൾ അയച്ച പണത്തിൽ 4.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ഡിസംബറിൽ 1,010 കോടി റിയാലാണ് വിദേശികൾ അയച്ചത്. മാസാടിസ്ഥാനത്തിലെ കണക്കുകൾപ്രകാരം തുടർച്ചയായി നാലു മാസം കുറഞ്ഞ ശേഷമാണ് ജനുവരിയിൽ റെമിറ്റൻസ് വർധിച്ചത്. ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വിദേശികൾ 45.6 കോടി റിയാൽ അധികം അയച്ചു.
കഴിഞ്ഞ വർഷം വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ച പണം 6.9 ശതമാനം തോതിൽ കുറഞ്ഞു. 2022 ൽ 14,320 കോടി റിയാലാണ് (3,820 കോടി ഡോളർ) ധനകാര്യ സ്ഥാപനങ്ങൾ വഴി വിദേശികൾ അയച്ചത്. 2019 നു ശേഷം ആദ്യമായാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസ് കുറഞ്ഞതാണ് കഴിഞ്ഞ കൊല്ലം മൊത്തത്തിലുള്ള റെമിറ്റൻസിനെ ബാധിച്ചത്. കഴിഞ്ഞ ജൂലൈ മുതൽ വിദേശികൾ അയച്ച പണത്തിൽ കുറവ് രേഖപ്പെടുത്തി. വിദേശികൾ അയച്ച പണം 2020 ൽ 2.8 ശതമാനവും 2021 ൽ 19.3 ശതമാനവും തോതിൽ വർധിച്ചിരുന്നു.
സൗദി അറേബ്യയുടെ ചരിത്രത്തിൽ വിദേശികൾ ഏറ്റവുമധികം പണമയച്ചത് 2015 ൽ ആയിരുന്നു. ആ വർഷം 15,690 കോടി റിയാൽ വിദേശികൾ അയച്ചു. ഇതിനെ അപേക്ഷിച്ച് 8.7 ശതമാനം കുറവാണ് കഴിഞ്ഞ കൊല്ലം അയച്ചത്.
ജനുവരിയിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ച പണം 15.7 ശതമാനം തോതിലും കുറഞ്ഞു. ജനുവരിയിൽ 520 കോടി റിയാലാണ് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2022 ജനുവരിയിൽ ഇത് 620 കോടി റിയാലായിരുന്നു. എന്നാൽ ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ച പണം 8.5 ശതമാനം തോതിൽ വർധിച്ചു. ഡിസംബറിൽ 480 കോടി റിയാലാണ് സ്വദേശികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2021 ഫെബ്രുവരിക്കു ശേഷം സൗദി പൗരന്മാർ വിദേശങ്ങളിലേക്ക് അയച്ച ഏറ്റവും കുറഞ്ഞ തുകയാണിത്.