*ദുബായ്* : രാജ്യത്ത് വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രവാസികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് (ജിഡിആര്‍എഫ്എ) ദേരയില്‍ ആരംഭിച്ച സഹായ കേന്ദ്രം ജനത്തിരക്ക് കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഹോംലാന്റ് ഫോര്‍ ഓള്‍ എന്ന പേരില്‍ ദേരയിലെ സിറ്റി സെന്ററില്‍ മൂന്ന് ദിവസത്തേക്ക് ആരംഭിച്ച സഹായ കാമ്പാണ് നിര്‍ത്തിയത്. ഇന്നലെ ആരംഭിച്ച ക്യാംപ് ഫെബ്രുവരി 27 വരെ തുടരുമെന്നായിരുന്നു ജിഡിആര്‍എഫ്എ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യ ദിവസം തന്നെ ആയിരക്കണക്കിന് ആളുകള്‍ സഹായ കേന്ദ്രത്തിലേക്ക് എത്തിയതോടെ പദ്ധതിയുടെ ആദ്യഘട്ടം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
രാജ്യത്ത് അനനധികൃതായി താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ വിസയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും സാധ്യമായ ഇളവുകള്‍ നല്‍കുന്നതിനും വിസയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുമായാണ് ജിഡിആര്‍എഫ്എ മൂന്നു ദിവസത്തെ സഹായ കാമ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ ദിവസം തന്നെ പ്രവാസികള്‍ കൂട്ടമായി ദേര സിറ്റി സെന്ററിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഫെബ്രുവരി 25 മുതല്‍ മൂന്നു ദിവസങ്ങളിലായി രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെങ്കിലും ആദ്യ ദിനമായ ഇന്നലെ രാവിലെ ഏഴു മണി മുതല്‍ തന്നെ ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഇതോടെ മൂന്ന് ദിവസം നടത്താനിരുന്നബോധവല്‍ക്കരണ പരിപാടിയുടെ ആദ്യ ഘട്ടം ഇന്നലത്തോടെ പൂര്‍ത്തിയായതായും കാമ്പയിനിന്റെ അടുത്തഘട്ടം പിന്നീട് നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്തഘട്ടത്തിന്റെ സമയവും സ്ഥലവും പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിസ കാലാവധി കഴിഞ്ഞ് ദുബായില്‍ തങ്ങുന്നവര്‍, അധിക താമസത്തിനുള്ള ഫീസ് അടക്കാത്തവര്‍, കുടുംബാംഗങ്ങളുടെ വിസ പുതുക്കാത്തവര്‍, കുടുംബാംഗങ്ങള്‍ നാട്ടിലേക്ക് പോയ ശേഷവും വിസ കാന്‍സല്‍ ചെയ്യാത്തവര്‍ തുടങ്ങി റെസിഡന്‍സ്, വിസിറ്റ്, ടൂറിസ്റ്റ് വിസകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിര്‍ദ്ദേശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിഡിആര്‍എഫ്എ പരിപാടി ആസൂത്രണം ചെയ്തത്. എന്നാല്‍ അധികൃതര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പരിപാടിയിലേക്ക് എത്തുകയായിരുന്നു. വിസയുടെ സാധുതയെക്കുറിച്ച് ഉറപ്പില്ലാത്ത താമസക്കാര്‍ക്ക് പാസ്പോര്‍ട്ടുകള്‍ മാത്രം ഉപയോഗിച്ച് പെര്‍മിറ്റുകളുടെ കാലാവധി പരിശോധിക്കാനും സംവിധാനമുണ്ട്.
അതേസമയം, കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത് വിസ പ്രശ്‌നങ്ങളുള്ളവര്‍ക്ക് അവയ്ക്കുള്ള പരിഹാരം നിര്‍ദ്ദേശിച്ചു നല്‍കല്‍ മാത്രമാണെന്നും അല്ലാതെ പൊതുമാപ്പ് അല്ലെന്നും ജിഡിആര്‍എഫ്എയിലെ ക്ലയന്റ് ഹാപ്പിനെസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ സാലിം ബിന്‍ അലി വ്യക്തമാക്കി. വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ എന്ത് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാം എന്നതിനെ കുറിച്ച് ആളുകളെ ബോധവത്കരിക്കാനുള്ള ഒരു പൊതു അവബോധ ഡ്രൈവ് ആണ് ഇതെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരും രാജ്യത്തെ പ്രവേശന, താമസ നിയമങ്ങള്‍ പാലിക്കുന്ന ഒരു സംസ്‌കാരം പ്രോത്സാഹിപ്പിക്കാനാണ് ബോധവല്‍ക്കരണ ഡ്രൈവ് ലക്ഷ്യമിടുന്നതെന്ന് ജിഡിആര്‍എഫ്എ നേരത്തേവ്യക്തമാക്കിയിരുന്നു. ആളുകള്‍ക്ക് ഭയമില്ലാതെ ഇവിടെ എത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിങ്ങള്‍ 10 വര്‍ഷം രാജ്യത്ത് അനധികൃതമായി താമസിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ നിങ്ങള്‍ക്കായി ഒരു പരിഹാരം കണ്ടെത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.