റിയാദ് – സൗദിയിൽ പ്രവാസികളുടെ ജീവിതത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇഖാമ(ഹവിയ്യത്തു മുഖീം). വിദേശികളുടെ താമസ രേഖയായി പരിഗണിക്കുന്നത് ഇഖാമയാണ്. രാജ്യത്ത് താമസിക്കാനുള്ള ഔദ്യോഗിക രേഖയായ ഇഖാമ പ്രവാസിക്ക് ജീവരേഖയാണ്. ഏതു സമയത്തും ഇഖാമ വിദേശിയുടെ കൈവശം ഉണ്ടായിരിക്കണം എന്നാണ് നിബന്ധന. പോലീസുകാരോ, ജവാസാത്ത് അധികൃതരോ ഇഖാമ ചോദിച്ചാൽ കാണിച്ചുകൊടുക്കൽ നിർബന്ധമാണ്. അതേസമയം, ആദ്യ കാലങ്ങളിൽ ഇഖാമയുടെ പ്രിന്റൗട്ട് കൈവശം വെക്കൽ നിർബന്ധമായിരുന്നു. എന്നാൽ നിലവിൽ ഇത്തരം നിർബന്ധങ്ങളില്ല. സ്മാർട്ട് ഫോണുകളിൽ ലഭ്യമായ ഇഖാമയുടെ ഡിജിറ്റൽ രൂപം കൈവശം വെച്ചാൽ മതിയെന്ന് ജവാസാത്ത് ആവർത്തിച്ചു വ്യക്തമാക്കി. ഇഖാമകളുടെ (ഹവിയ്യതു മുഖീം) പ്രിന്റൗട്ടിന് ജവാസാത്തിനെ നേരിട്ട് സമീപിക്കേണ്ടതില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ പുതുക്കാൻ ഉടമകളുടെ പാസ്‌പോർട്ട് കാലാവധിയുള്ളതാകണം. പാസ്‌പോർട്ടിൽ നിശ്ചിതമായ കാലാവധി ഇല്ലെങ്കിൽ ഒരു നിലക്കും ഇഖാമ പുതുക്കാനാകില്ല. ഇഖാമ പുതുക്കാനുള്ള അടിസ്ഥാന വ്യവസ്ഥയാണിതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
ഇഖാമയുടെ ഡിജിറ്റൽ രൂപം ലഭിക്കാൻ ചെയ്യേണ്ടത്.
അബ്ഷിർ ലോഗി ചെയ്യുക. യൂസർ നെയിം, പാസ്‌വേഡ് എന്നിവ സഹിതം അബ്ഷിർ ലോഗിൻ ചെയ്യുക. വ്യൂ ഡിജിറ്റൽ ഡോക്യുമെന്റ്‌സ് എന്ന ഭാഗം സെലക്ട് ചെയ്യുക. അടുത്ത സ്‌ക്രീനിൽ നിങ്ങളുടെ ഡിജിറ്റൽ ഐ.ഡി കാണാം. അത് മൊബൈലിലേക്കോ കംപ്യൂട്ടറിലേക്കോ ഡൗൺലോഡ് ചെയ്യാം. തവക്കൽനാ, വ്യക്തിഗത അബ്ഷിർ എന്നിവ വഴിയും ഇഖാമ ഡൗൺലോഡ് ചെയ്യാവുന്നതാണ്.