റിയാദ്- മുരിങ്ങയുടെ ഔഷധ ഫലത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് കൺട്രോൾ അതോറിറ്റി. മുരിങ്ങയിലയുടെ ഔഷധ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. നിരവധി വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ മുരിങ്ങ ഇലയും കായയും പാചകം ചെയ്തു ഭക്ഷണാവശ്യത്തിനു ഉപയോഗിക്കാമെന്നല്ലാതെ മുരിങ്ങയുടെ ഔഷധ ഫലത്തെ കുറിച്ച് പ്രചരിക്കുന്ന അവകാശവാദങ്ങൾ സ്ഥിരീകരിക്കുന്ന ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല.
സൗദി ആരോഗ്യ വകുപ്പു മന്ത്രാലയത്തിനു കീഴിലെ ഫുഡ് ആന്റ് ഡ്രഗ് കൺട്രോൾ അതോറിറ്റി വ്യക്തമാക്കി.
ആമാശയം, ശ്വാസകോശം, രക്തധമനികൾ എന്നിവയുടെ രോഗങ്ങൾക്ക് മുരിങ്ങയില ഔഷധമാണന്ന പേരിൽ സ്വദേശികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പുകളെ കുറിച്ച് ഉപഭോക്താവിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഫുഡ് കൺട്രോൾ അതോറിറ്റി തത്സംബന്ധമായ വിശദീകരണം നൽകിയത്. ഗർഭധാരണത്തെയും മുലയൂട്ടുന്നതിനെയുമൊക്കെ ബാധിച്ചേക്കാമെന്നതിനാൽ പൊതുവിൽ ഒറ്റമൂലികളും പച്ചമരുന്നുകളും ഉപയോഗിക്കുന്നതിന് മുമ്പ് വിദഗ്ധ ഡോക്ടറെ സമീപിക്കണമെന്നും അതോറിറ്റി ഉപദേശിച്ചു. മുരിങ്ങയില ഉപയോഗിച്ച് പ്രത്യേക പാനീയമായ ശുർബയുണ്ടാക്കുന്നതിൻെയും മുരിങ്ങയുടെ ഔഷധ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുന്നതിന്റെയുമൊക്കെ നിരവധി ക്ലിപ്പുകൾ സോഷ്യൽ മീഡിയ വഴി അറബികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. മുരിങ്ങ കൃഷിയുടെ വലിയ ഫാമുകൾ തന്നെ പലരും ആരംഭിച്ചിട്ടുമുണ്ട്.